എന്‍ഐഎയുടെ തലവന്‍ മറ്റൊരു മോദി,ദേവീന്ദര്‍ സിംഗിനെ നിശബ്ദനാക്കുന്നു; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്കൊപ്പം അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിന്റെ കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. കേസ് എന്‍ഐഎയ്ക്ക് കൈമാറിയത് ദേവീന്ദര്‍ സിംഗിനെ നിശബ്ദനാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ദേവീന്ദര്‍ സിങ്ങിനെ നിശബ്ദനാക്കുന്നതിനുള്ള ഏറ്റവും എളുപ്പമാര്‍ഗം കേസ് എന്‍ഐഎയ്ക്ക് കൈമാറുക എന്നതാണ്. എന്‍ഐഎ അധ്യക്ഷന്‍ വൈ.സി മോദിയുടെ കൈയ്യില്‍ എത്തുന്നതോടെ കേസ് ചത്തതിന് തുല്യമാകും. എന്‍ഐഎയുടെ തലവന്‍ മറ്റൊരു മോദിയാണെന്നും രാഹുല്‍ പറഞ്ഞു.

2002 ലെ ഗുജറാത്ത് കലാപക്കേസും 2003 ല്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി ഹരേണ്‍ പാണ്ഡ്യ കൊല്ലപ്പെട്ട കേസും അന്വേഷിച്ചത് അദ്ദേഹമാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. WhoWantsTerroristDavinderSilenced എന്ന ഹാഷ്ടാഗിലാണ് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തത്.

അതിനിടെ ഡിവൈ.എസ്.പി ദേവീന്ദര്‍ സിംഗ് ഭീകരവാദികള്‍ക്കൊപ്പം പിടിയിലായ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വമര്‍ശവുമായി കോണ്‍ഗ്രസ് വീണ്ടും രംഗത്ത് വന്നു. കേസ് അന്വേഷണം ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Top