DSK Benelli TNT 25 all set to hit Indian roads on December 18

ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്കായ ബെനെല്ലിയുടെ ഏറ്റവും ചിലവ് കുറഞ്ഞ മോഡലായ ബെനെല്ലി ടി.എന്‍.ടി 25 ഡിസംബര്‍ പതിനെട്ടിന് ഇന്ത്യയിലെ വിപണിയിലിറങ്ങും. പുണെയിലെ ഡി.എസ്.കെ. മോട്ടോവീല്‍സ് പുറത്തിറക്കുന്ന ഈ ബൈക്കിന്റെ വില രണ്ട് ലക്ഷത്തില്‍ താഴെയായിരിക്കുമെന്നാണ് അറിയുന്നത്.

ഹോണ്ട സി.ബി.ആര്‍. 250 ആര്‍, കെ.ടി.എം. ഡ്യൂക്ക് 390, മഹീന്ദ് മൊജോ എന്നിവയോടാണ് ഡി.എസ്.കെ. ബെനെല്ലി ടി.എന്‍.ടി 25 കൊമ്പു കോര്‍ക്കുന്നത്.

ആറു ഗിയര്‍ ഉള്ള ഈ ഫോര്‍ സ്‌ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിന്റെ ശേഷി 249.2 സി.സി.യാണ്. 9,000 ആര്‍.പി.എമ്മില്‍ 24.1 ബി. എച്ച്.പി.യാണ് കരുത്ത്. മണിക്കൂറില്‍ 145 കിലോമീറ്ററാണ് പരമാവധി വേഗം.

16.5 ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്ക് ദീര്‍ഘദൂര യാത്രയ്ക്ക് സഹായകരമാണ്. ഹൈവേകളില്‍ ലിറ്ററിന് 35 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

പിറകില്‍ നാല് പിസ്റ്റണ്‍ കാലിപറുള്ള 280 എം.എം. ബ്രേക്കും മുന്‍വശത്ത് 2 പിസ്റ്റണ്‍ കാലിപറുള്ള 240 എം. എം. ഡിസ്‌ക്ക് ബ്രേക്കുമാണുള്ളത്. കൂടിയ മോഡലുകളില്‍ എ.ബി.എസും ലഭ്യമാണ്. 137 കിലോയാണ് ബൈക്കിന്റെ ഭാരം. 130 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സുണ്ട്.

ടി.എന്‍.ടി 300, ടി.എന്‍.ടി 600 ഐ, ടി.എന്‍.ടി 600 ജി.ടി, ടി.എന്‍.ടി 899, ടി.എന്‍.ടി 113 ഒ.ആര്‍. എന്നിവയാണ് ഇന്ത്യയില്‍ ലഭ്യമായ ഡി.എസ്.കെ. ബെനെല്ലിയുടെ മറ്റ് മോഡലുകള്‍.

ലോകത്തിലെ ഏറ്റവും പഴക്കമേറിയ ബൈക്ക് നിര്‍മാതാക്കളായ ബെനെല്ലി ഇപ്പോള്‍ ചൈനീസ് കമ്പനിയായ ക്യാന്‍ജിയാങ്ങിന്റെ ഉടമസ്ഥതിലാണ്. എഞ്ചിന്‍ ഇറക്കുമതി ചെയ്താണ് ഡി.എസ്.കെ. ബൈക്ക് അസംബിള്‍ ചെയ്യുന്നത്.

Top