ഒന്നാംതീയതി ബാറുകളും മദ്യവില്‍പ്പനശാലകളും തുറക്കില്ല; നിലപാടിലുറച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ഒന്നാംതീയതി ബാറുകളും മദ്യവില്‍പ്പനശാലകളും തുറക്കുന്നത് പരിഗണനയിലില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. മദ്യനയത്തിന്റെ കരട് ഇപ്പോഴും ചര്‍ച്ചയിലാണ്. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷം ഫെബ്രുവരി അവസാനത്തോടെ, മദ്യനയത്തിന് അന്തിമരൂപം നല്‍കും.

1996ല്‍ എ കെ ആന്റണി സര്‍ക്കാര്‍ ചാരായ നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒന്നാം തീയതികളില്‍ മദ്യവില്‍പ്പനയും നിരോധിച്ച് ഉത്തരവിറങ്ങിയത്. ഗാന്ധിജയന്തി, ഗാന്ധിജിയുടെ രക്തസാക്ഷിദിനം, ശ്രീനാരായണ ഗുരു ജയന്തി, സമാധി ദിവസങ്ങളും നിലവില്‍ ഡ്രൈ ഡേ ആണ്.

വീര്യംകുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനുള്ള യൂണിറ്റുകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തീരപ്രദേശത്ത് കാസിനോകള്‍ക്ക് അനുമതി നല്‍കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ബാറുകള്‍ അടച്ചിട്ടപ്പോഴും സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Top