മുംബൈ ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി; വിദേശി അറസ്റ്റില്‍

മുംബൈ: ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ വിദേശി അറസ്റ്റില്‍. ബാന്ദ്രയില്‍ നിന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് ലഹരി എത്തിച്ചു നല്‍കിയത് ഇയാളാണെന്നാണ് എന്‍സിബി പറയുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനെട്ടായി.

കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബാന്ദ്ര, അന്ധേരി എന്നിവിടങ്ങളില്‍ എന്‍സിപി പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് വിദേശി പിടിയിലായത്. ഇയാളില്‍ നിന്ന് വലിയ അളവില്‍ മയക്കുമരുന്ന് കണ്ടെത്തിയതായാണ് എന്‍സിബി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇയാളുടെ പങ്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും വിശദമായി ചോദ്യം ചെയ്യുമെന്നും എന്‍സിബി വ്യക്തമാക്കി.

അതിനിടെ എന്‍സിബിയുടെ റെയ്ഡ് വ്യാജമാണെന്ന ആരോപണവുമായി എന്‍സിപി സംസ്ഥാന വക്താവും മന്ത്രിയുമായ നവാസ് മാലിക് രംഗത്തെത്തി. റെയ്ഡ് നടക്കുമ്പോള്‍ ഒരു പ്രാദേശിക ബിജെപി നേതാവിന്റെയും പ്രൈവറ്റ് ഡിറ്റക്ടീവിന്റെയും സാന്നിധ്യമുണ്ടായിരുന്നുവെന്നും നവാസ് മാലിക് ആരോപിച്ചു.

 

Top