ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി; പിടിയിലായവരില്‍ വ്യവസായ പ്രമുഖന്റെ പെണ്‍മക്കളും

മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) നടത്തിയ റെയ്ഡില്‍ പിടികൂടിയത് എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍. എം.ഡി.എം.എയ്ക്ക് പുറമേ കൊക്കെയ്‌നും ചരസ്സും കപ്പലില്‍ നിന്ന് പിടിച്ചെടുത്തതായാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവതികള്‍ ഉള്‍പ്പെടെ 13 പേരെയാണ് എന്‍.സി.ബി. കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെയും കേസുമായി ബന്ധപ്പെട്ട് എന്‍.സി.ബി. ചോദ്യം ചെയ്തുവരികയാണ്. പിടിയിലായ മൂന്ന് യുവതികളും ഡല്‍ഹി സ്വദേശികളാണെന്നാണ് വിവരം. ഇവര്‍ പ്രമുഖ വ്യവസായിയുടെ മക്കളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആര്യന്‍ ഖാനെ റേവ് പാര്‍ട്ടിയിലേക്ക് സംഘാടകര്‍ അതിഥിയായി നേരിട്ട് ക്ഷണിച്ചതായാണ് വിവരം. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ആര്യന്‍ ഖാന്‍ പണംമുടക്കിയിരുന്നില്ല.

ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ എന്‍.സി.ബി. സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. ഫോണിലെ സന്ദേശങ്ങളും കോള്‍ വിവരങ്ങളുമാണ് പ്രധാനമായും പരിശോധിക്കുന്നത്. റേവ് പാര്‍ട്ടിയുടെ സംഘാടകരെയും എന്‍.സി.ബി. ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. എഫ്.ടി.വി. ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ കാഷിഫ് ഖാന്റെ മേല്‍നോട്ടത്തിലാണ് കപ്പലില്‍ റേവ് പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. ലഹരിമരുന്ന് പിടിച്ചെടുത്തതോടെ കാഷിഫ് ഖാനില്‍ നിന്നും എന്‍.സി.ബി. സംഘം വിവരങ്ങള്‍ തേടിയിട്ടുണ്ട്.

ഇയാള്‍ എന്‍.സി.ബി.യുടെ നിരീക്ഷണത്തിലാണെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, ചില യാത്രക്കാരുടെ ലഗേജുകളില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയതെന്ന് കോര്‍ഡേലിയ ക്രൂയിസ് സി.ഇ.ഒ. അറിയിച്ചു. ഇവരെ ഉടന്‍തന്നെ കപ്പലില്‍ നിന്ന് പുറത്താക്കിയെന്നും ഇതുകാരണം കപ്പലിന്റെ യാത്ര അല്പം വൈകിയെന്നും സി.ഇ.ഒ. പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ കോര്‍ഡേലിയ ക്രൂയിസ് അധികൃതര്‍ ക്ഷമാപണവും നടത്തി.

 

Top