മദ്യപിച്ച് ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തു; ക്രൈംബ്രാഞ്ച് ഐജിക്കെതിരായ അച്ചടക്ക നടപടി റദ്ദാക്കി

തിരുവനന്തപുരം: മദ്യപിച്ച് ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്ത ക്രൈംബ്രാഞ്ച് ഐജി ഇ ജെ ജയരാജനെതിരായ അച്ചടക്ക നടപടി സര്‍ക്കാര്‍ റദ്ദാക്കി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ജയതിലകിന്റെ അന്വേഷണത്തിലാണ് ജയരാജനെ കുറ്റവിമുക്തനാക്കിയത്. ഡിജിപി ശങ്കര്‍ റെഡ്ഡി നടത്തിയ അന്വേഷണത്തില്‍ ജയരാജന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ഇത് തള്ളിയാണ് സര്‍ക്കാര്‍ പുതിയ സമിതിയെ നിയോഗിച്ചത്.

ഔദ്യോഗിക വാഹനത്തില്‍ മദ്യപിച്ചതിനും പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിനും ഇ ജെ ജയരാജിനെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് ഡ്രൈവര്‍ സന്തോഷിനെതിരെയും, ഡ്രൈവറെ മദ്യപിക്കാന്‍ പ്രേരിപ്പിച്ചതിന് ഐജിക്കെതിരെയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ട്രെയിന്‍ യാത്രക്കിടെ മദ്യലഹിരയില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയതിന് ജയരാജന്‍ നേരത്തെയും സസ്പെന്‍ഷനിലായിട്ടുണ്ട്. അന്ന് ജയരാജനെതിരായ നടപടി ഒരു ശാസനയില്‍ ഒതുക്കി സര്‍വ്വീസില്‍ തിരിച്ചെടുത്തു.

ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ഇന്റലിജന്‍സിലും അതിനുശേഷം ക്രൈംബ്രാഞ്ചിന്റെ ഉത്തരമേഖലയുടെ ചുമതലയുള്ള ഐജിയായും ജയരാജനെ നിയമിച്ചു. ക്രമസമാധാനചുമതലയുളള ഒരു റെയ്ഞ്ചിനായി ഐജി നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് സസ്പെന്റ് ചെയ്യപ്പെട്ടത്. ഡ്രൈവര്‍ സന്തോഷിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സസ്പെന്റ് ചെയ്തിരുന്നു.

Top