എയർ ഇന്ത്യ മുംബൈ-ലണ്ടൻ വിമാനത്തിലും മദ്യപന്റെ അതിക്രമം; അപമര്യാദയായി പെരുമാറിയത് എട്ട് വയസുകാരിയോട്

ഡൽഹി: എയർ ഇന്ത്യ മുംബൈ ലണ്ടൻ വിമാനത്തിലും മദ്യപന്റെ അതിക്രമം. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണ് സംഭവം നടന്നത്. എട്ട് വയസുകാരിയോടാണ് മദ്യപന്‍ അപമര്യാദയായി പെരുമാറിയത്. അമ്മയും സഹോദരനും എതിർത്തപ്പോൾ പ്രകോപിതനായി. തുടര്‍ന്ന് അതിക്രമം നടത്തിയ ആളെ വിമാനത്തിൽ കെട്ടിയിട്ടു. പ്രതിയെ പിന്നീട് ലണ്ടൻ പൊലീസിന് കൈമാറുകയായിരുന്നു. അതിക്രമം നടത്തിയയാൾക്ക് വിമാനത്തിൽ അളവിൽ കവിഞ്ഞ മദ്യം നൽകിയെന്ന് അമ്മയുടെ പരാതിയിൽ പറയുന്നു.

എയർ ഇന്ത്യ വിമാനത്തിൽ വൃദ്ധയായ സഹയാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച ശങ്കർ മിശ്രയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിൽ എത്തിച്ച മിശ്രയെ പട്യാല ഹൗസ് കോടതി പതിനാല് ദിവസത്തെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ വിമാനത്തിലെ പൈലറ്റ് ഉൾപ്പെടെ നാല് ജീവനക്കാർക്ക് എയർ ഇന്ത്യ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. കാരണംകാണിക്കൽ നോട്ടീസ് കൂടാതെ മദ്യം നൽകിയതിലും പരാതിയിലെ ഇടപെടലിലും വീഴ്ച്ച വന്നോയെന്ന് പരിശോധിക്കാൻ ആഭ്യന്തര അന്വേഷണം നടത്തും ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് എയർ ഇന്ത്യ സിഇഒ പ്രസ്താവനയിൽ പറഞ്ഞു.

മുംബൈ സ്വദേശിയായ ശങ്കർ മിശ്രയെ വെൽസ് ഫാർഗോ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ വെൽസ് ഫാർ​ഗോയുടെ ഇന്ത്യൻ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കർ മിശ്ര. നവംബർ 26 ന് ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ വിമാനത്തിലാണ് ശങ്കര് മിശ്ര, ബിസിനസ് ക്ലാസിലെ യാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത്. സംഭവം പുറത്തറിഞ്ഞാൽ തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്നും പൊലീസിൽ പരാതിപ്പെടരുതെന്നും ഇയാൾ സ്ത്രീയോട് അപേക്ഷിച്ചിരുന്നു. എന്നാൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറത്തറിഞ്ഞു. ഏറെ വൈകി, ഈ ആഴ്‌ച മാത്രമാണ് എയർ ഇന്ത്യ പൊലീസിൽ പരാതി നൽകിയത്.

Top