മദ്യപിച്ചു വാഹനമോടിച്ച നൂറുപേരുടെ ഡ്രൈവിങ്ങ് ലൈസന്‍സ് സസ്‌പെൻഡ് ചെയ്തു

ചണ്ഡിഗഡ്: പുതുവത്സര ആഘോഷത്തില്‍ മദ്യപിച്ചു വാഹനമോടിച്ച നൂറുപേരുടെ ഡ്രൈവിങ്ങ് ലൈസന്‍സ് കോടതി സസ്‌പെൻഡ് ചെയ്തു. മൂന്നു മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെൻഡ് ചെയ്തത്. ചണ്ഡിഗഡ് ജില്ലാ കോടതിയാണ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം ജില്ലാ കോടതിയുടെ സമുച്ചയത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കാരണം ഗതാഗതവുമായി ബന്ധപ്പെട്ട് 250-ഓളം ചലാനുകളാണ് കോടതിയില്‍ എത്തിയത്.

ഇതില്‍ 166 ചലാനും മദ്യപിച്ച് വാഹനമോടിച്ചവരുടേതായിരുന്നു. ഇതില്‍ 100-ഓളം പേരുടെ ലൈസന്‍സാണ് മൂന്നു മാസത്തേക്ക് കോടതി സസ്‌പെന്‍ഡ് ചെയ്തത്.

ക്രിസ്മസ് മുതല്‍ പുതുവര്‍ഷം വരെ ട്രാഫിക് പൊലീസുകാര്‍ ഒറ്റക്കാലില്‍ നിന്നാണ് ട്രാഫിക് കൈകാര്യം ചെയ്തിരുന്നത്. നിയമം തെറ്റിച്ച ഓരോരുത്തരോടും പൊലീസ് ചോദിച്ചിരുന്നു “നിങ്ങള്‍ പുതുവര്‍ഷം നിയമത്തിന് മുന്നില്‍ നിന്ന് തുടങ്ങാനാണോ ആലോചിക്കുന്നതെന്ന്”. തുടര്‍ന്നാണ് ട്രാഫിക് നിയമം തെറ്റിച്ചതിനുള്ള നോട്ടീസ് ഉദ്യോഗസ്ഥര്‍ നല്‍കിയത്

മോട്ടോര്‍ വാഹന നിയമ പ്രകാരം ആറുമാസത്തെ ജയില്‍ശിക്ഷ അല്ലെങ്കില്‍ 2000 രൂപ പിഴയുമാണ് കോടതി വിധിക്കാറുള്ളത്. നേരത്തെ, ഇതേ കുറ്റത്തിന് പിടിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ 2 വര്‍ഷത്തെ തടവോ 3000 രൂപ പിഴയോ അടയ്‌ക്കേണ്ടി വരും.

സാധാരണ ചണ്ഡിഗഡ് കോടതി മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കുന്ന നടപടിയാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ സുപ്രീം കോടതിയുടെ കര്‍ശന ഉത്തരവ് പ്രകാരമാണ് ലൈസന്‍സ് സസ്‌പെൻഡ് ചെയ്യുന്ന നടപടി ആരംഭിച്ചത്.

കഴിഞ്ഞ വര്‍ഷം മദ്യപിച്ച് വാഹനമോടിച്ചതിന് രണ്ടു പേരുടെ ലൈസന്‍സാണ് ചണ്ഡിഗഡ് കോടതി സസ്‌പെൻഡ് ചെയ്തത്. എന്നാല്‍ ഇത്തവണ അത് 100-ലേക്ക് ഉയര്‍ന്നു. സാധാരണ 500 രൂപയാണ് പിഴയിടാക്കാറ്, എന്നാല്‍ ഇത്തവണ കൂടുതല്‍ പേര്‍ക്കും 2000 രൂപ വീതമാണ് പിഴ അടയ്‌ക്കേണ്ടി വന്നത്.

Top