ബാറില്‍ മദ്യപിച്ച് കയ്യാങ്കളി ; ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സിന് പൊലീസ് അറസ്റ്റ്, ടീമില്‍ നിന്നു പുറത്ത്‌

ലണ്ടന്‍: വെസ്റ്റന്‍ഡീസിനെതിരായ മല്‍സരവിജയം ആഘോഷിക്കുന്നതിനിടെ ബാറില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെ പൊലീസ് അറസ്റ്റുചെയ്തു.

തിങ്കളാഴ്ച രാത്രി പിടിയിലായ താരത്തെ രാവിലെ വിട്ടയച്ചെങ്കിലും സംഭവത്തെത്തുടര്‍ന്ന് താരത്തെ ടീമില്‍നിന്നും ഒഴിവാക്കി.

സംഭവസമയം സ്റ്റോക്‌സിന് ഒപ്പമുണ്ടായിരുന്ന അലക്‌സ് ഹെയല്‍സിനെയും ടീമില്‍നിന്നും മാറ്റിനിര്‍ത്തിയിട്ടുണ്ട്.

ഓവലില്‍ നടക്കുന്ന നാലാം ഏകദിന മല്‍സരത്തില്‍ ഇരുവര്‍ക്കും കളിക്കാനാകില്ല.

മദ്യപിച്ച് ബഹളമുണ്ടാക്കി മറ്റൊരാളെ മുഖത്തിടിച്ചു പരിക്കേല്‍പിച്ച ബെന്‍സ്റ്റോക്‌സിനെ ബ്രിസ്റ്റോള്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബ്രിസ്റ്റോളിലെ ബാര്‍ഗോ ബാറിലായിരുന്നു സംഭവം. ആക്രമണവുമായി ഹെയില്‍സിന് ബന്ധമുള്ളതായി പൊലീസ് വെളിപ്പെടുത്തുന്നില്ല. എങ്കിലും സഹതാരത്തിനൊപ്പം മദ്യപിച്ച ഹെയില്‍സിനും കേസ് വിനയായി.

അടുത്തു നടക്കാനിരിക്കുന്ന ആഷസ് പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കാനിരിക്കെ ഉണ്ടായ സംഭവം ഇരുവര്‍ക്കും ടീമില്‍ ഇടംനേടാന്‍ തടസമാകുമോ എന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

എന്നാല്‍ ഫോമും ശാരീരിക ക്ഷമതയും നോക്കി ടീമിനെ തിരഞ്ഞെടുക്കാനാണ് സെലക്ഷന്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ഡയറക്ടര്‍ ആന്‍ഡ്രൂ സ്‌ട്രോസ് പറഞ്ഞു.

Top