കോഴിക്കോട് ലഹരിവേട്ട ; വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും മയക്കുമരുന്ന് വില്‍ക്കുന്നയാള്‍ പിടിയില്‍

കസബ: കോഴിക്കോട് 180 മയക്കുമരുന്ന് ഗുളികകളും 270 പാക്കറ്റ് ഹാന്‍സുമായി യുവാവ് പിടിയില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശിയായ നാലുകുടിപറമ്പ് ഫാത്തിമ മന്‍സിലില്‍ ജംഷീറിനെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നഗരത്തിലെ ഭട്ട് റോഡ് ബീച്ച്, വെള്ളയില്‍, ഗാന്ധിറോഡ് ബീച്ച് തുടങ്ങിയ പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും മയക്കുമരുന്ന് വില്‍ക്കുന്നയാളാണ് ഇയാളെന്ന് പൊലീസ് പറയുന്നു.

പിടിയിലാവുമ്പോള്‍ ഇയാളുടെ കയ്യില്‍ നിരോധിത ലഹരിമരുന്നായ നൈട്രോസെപാം ലഹരി ഗുളികകളുണ്ടായിരുന്നു. പോണ്ടിച്ചേരി, മൈസൂര്‍ എന്നിവിടങ്ങളില്‍ 50 രൂപയ്ക്ക് വാങ്ങുന്ന നൈട്രോസെപാം ഗുളികകള്‍ 500 രൂപയ്ക്കാണ് ഇയാള്‍ ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുന്നത്. ഇയാള്‍ക്കെതിരെ മുന്‍പ് വലിയ അളവില്‍ ഹാന്‍സ് കച്ചവടം നടത്തിയതിന് കസബ സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്.

കോഴിക്കോട് ബീച്ചിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരി മരുന്നിന്റെ അമിതമായ ഉപയോഗം ഉണ്ടെന്ന് സിറ്റി പോലീസ് ചീഫ് എ വി ജോര്‍ജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ പ്രദേശങ്ങള്‍ നാര്‍ക്കോട്ടിക് സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു.

Top