ചെന്നൈ വിമാനത്താവളത്തിൽ കോടികളുടെ മയക്കുമരുന്ന് പിടികൂടി

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ കോടികളുടെ മയക്കുമരുന്നുവേട്ട. എത്യോപ്യയിൽ നിന്നെത്തിയ ഇക്ബാൽ പാഷയിൽ നിന്നാണ് 100 കോടി വിലമതിക്കുന്ന മയക്കുമരുന്നുകൾ പിടികൂടിയത്. ഇത് കൂടാതെ തായ്ലാന്‍റില്‍ നിന്ന് എത്തിയ തമിഴ്നാട് സ്വദേശിയിൽ നിന്നും പാമ്പുകളും കുരങ്ങുകളും അടക്കം എക്സോട്ടിക് അനിമൽസ് വിഭാഗത്തിൽപ്പെടുന്ന ചെറു ജീവികളേയും പിടികൂടി.6.02 കിലോഗ്രാം കൊക്കെയ്ൻ, 3.57 കിലോഗ്രാം ഹെറോയ്ൻ. ചെന്നൈ വിമാനത്താവളത്തിൽ ഇതാദ്യമാണ് ഇത്രയും കൂടിയ അളവിൽ മയക്കുമരുന്ന് ഒരാളിൽ നിന്ന് പിടികൂടുന്നത്. അന്താരാഷ്ട്ര മയക്കുമരുന്ന് വിപണിയിലിതിന് 100 കോടിക്കുമേൽ വില വരുമെന്ന് കസ്റ്റംസ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരിൽ നിന്ന് അടുത്തിടെയായി മയക്കുമരുന്ന് കൂടിയ അളവിൽ പിടിച്ചതിനെ തുടർന്നാണ് ഇവിടങ്ങളിൽ നിന്നു വരുന്നവരുടെ പരിശോധന കർശനമാക്കിയത്. പെരുമാറ്റത്തിൽ പന്തികേട് തോന്നിയ ഇക്ബാൽ പാഷയുടെ ശരീരവും ലഗേജും വിശദമായി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന അളവിൽ മയക്കുമരുന്നുകൾ കണ്ടെത്തിയത്. ആ‍ർക്കുവേണ്ടി കൊണ്ടുവന്നു, യഥാർത്ഥ ഉടമ ഇയാൾ തന്നെയോ എന്നുതുടങ്ങിയ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്. കൂടുതൽ വിവരം കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.

Top