കൊച്ചിയില്‍ വീണ്ടും ഫ്‌ലാറ്റില്‍ ലഹരി ഇടപാട്, ഐടി കമ്പനി മാനേജര്‍ ഉള്‍പ്പടെ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ വീണ്ടും ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് ലഹരി ഇടപാടു നടത്തി വന്ന സംഘം പിടിയില്‍. ഐടി കമ്പനി മാനേജര്‍ ഉള്‍പ്പടെയുള്ള സംഘമാണു പിടിയിലായിരിക്കുന്നത്. ഐടി ജീവനക്കാരെ ലക്ഷ്യമിട്ട് തൃക്കാക്കര മില്ലു പടിയില്‍ ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്തായിരുന്നു ഇടപാടുകള്‍ നടത്തിവന്നത്.

ലഹരി ഇടപാടും ഉപയോഗവും നടക്കുന്നതായി എറണാകുളം സിറ്റി പൊലീസിനു വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡാന്‍സാഫ്, തൃക്കാക്കര പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു ലഹരി എത്തിച്ച് വില്‍പന നടത്തി വന്ന കൊല്ലം സ്വദേശികളായ ആമിനാ മനസില്‍ ജിഹാദ് ബഷീര്‍(30), അനിലാ രവീന്ദ്രന്‍(29), നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന സ്വദേശി എര്‍ലിന്‍ ബേബി(25) എന്നിവരാണു പിടിയിലായത്. ഇവര്‍ക്കൊപ്പം ലഹരി ഉപയോഗിക്കുന്നതിനായി സംഘത്തിനൊപ്പം ചേര്‍ന്ന നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന സ്വദേശിനി രമ്യ വിമല്‍(23), മനക്കപ്പടി സ്വദേശി അര്‍ജിത്ത് ഏഞ്ചല്‍(24), ഗുരുവായൂര്‍ തൈക്കാട് സ്വദേശി അജ്മല്‍ യൂസഫ്(24), നോര്‍ത്ത് പറവൂര്‍ സ്വദേശി അരുണ്‍ ജോസഫ്(24) എന്നിവരും പൊലീസ് പിടിയിലായിട്ടുണ്ട്.

പ്രതികളില്‍ നിന്നും 2.5 ഗ്രാം എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പുകള്‍, ഹാഷിഷ് ഓയില്‍, ഹാഷിഷ് തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. പ്രതികളുടെ പക്കല്‍ കൂടുതല്‍ അളവ് ലഹരി ഉണ്ടായിരുന്നിരിക്കുമെന്നാണ് കരുതുന്നത്. അന്വേഷണ സംഘം എത്തിയതോടെ എവിടെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടാകുമെന്നാണു വിലയിരുത്തല്‍. സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇവിടെ ലഹരി ഇടപാടു നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Top