തിരുവനന്തപുരത്ത് വൻ മയക്കുമരുന്ന് വേട്ട ; കഞ്ചാവും ഹാഷിഷും പിടികൂടി

തിരുവനന്തപുരം : തിരുവനന്തപുരം ആറ്റിങ്ങലിനടുത്ത് നഗരൂരിൽ വൻ മയക്കുമരുന്ന് വേട്ട . നൂറ് കിലോ കഞ്ചാവും മൂന്ന് കിലോ ഹാഷിഷുമാണ് സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. രണ്ട് വാഹനങ്ങളിലായാണ് പ്രതികൾ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്.

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ 4 പേർ അറസ്റ്റിലായി. ആറ്റിങ്ങല്‍ സ്വദേശികളായ റിയാസ്, ജസി, കോന്നി സ്വദേശി ഫൈസല്‍, തൃശ്ശൂര്‍ സ്വദേശി നിയാസ് എന്നിവരെയാണ് രാവിലെ എക്‌സൈസ് സംഘം പിടികൂടിയത്. ഏകദേശം 4 കോടി രൂപയോളം വിലവരുന്ന മയക്കുമരുന്നും കഞ്ചാവുമാണ് ഇവരിൽ നിന്നും പിടികൂടിയത്.

എന്നാല്‍ ആരാണ് ഇത് കയറ്റി അയച്ചത് എന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. ആന്ധ്രയില്‍ നിന്ന് എത്തിച്ച് ആറ്റിങ്ങലില്‍ വിതരണം ചെയ്യാന്‍ തയ്യാറാക്കി വെച്ചതായിരുന്നു മയക്കുമരുന്നും കഞ്ചാവുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Top