മസ്‌കുലര്‍ അട്രോഫിക്കുള്ള മരുന്നുകളെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കി

ന്യൂഡല്‍ഹി: അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളെ ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കി. സോള്‍ജെന്‍സ്മ, വില്‍ടെപ്‌സോ പോലുള്ള വലിയ വിലയുള്ള മരുന്നുകളെയാണ് ചരക്ക് സേവന നികുതിയില്‍ നിന്നും ഒഴിവാക്കിയത്. ലഖ്‌നൗവില്‍ ചേര്‍ന്ന 45ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം.

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ട മസ്‌കുലര്‍ അട്രോഫി ചികില്‍സയ്ക്കാവശ്യമായ മരുന്നിന് 18 കോടി രൂപയോളം ചെലവ് വരുന്ന സാഹചര്യത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് വ്യാപകമായി കേരളം ഉള്‍പ്പെടെ നേരത്തെ രംഗത്ത് എത്തിയിരുന്നു. കൂടാതെ, കോവിഡ് ചികില്‍സയുമായി ബന്ധപ്പെട്ട മരുന്നുകളുടെ ജിഎസ്ടി നിരക്കുകള്‍ നല്‍കിയ ഇളവുകളും ദീര്‍ഘിപ്പിച്ചു. 2021 ഡിസംബര്‍ 31 വരെയാണ് ഇളവുകള്‍ നീട്ടിയത്. ആംഫോട്ടറിസിന്‍ ബി നോള്‍ റേറ്റ്, ടോസിലിസുമാബ് നോള്‍ റേറ്റ്, റെംഡെസിവിര്‍ 5%, ഹെപ്പാരിന്‍ പോലുള്ള ആന്റിഓകോഗുലന്റുകള്‍ 5% എന്നിവയ്ക്കാണ് ഇളവുകളുള്ളത്. നേരത്തെ പ്രഖ്യാപിച്ച ഇളവ് സെപ്റ്റംബര്‍ 30 ന് അവസാനിക്കാനിരിക്കെയാണ് നടപടി.

ബയോ ഡീസല്‍ നികുതിയിലാണ് ജിഎസ്ടി കൗണ്‍സിലെ മറ്റൊരു നിലപാട്. ബയോ ഡീസല്‍ നികുതി കുറച്ചു. ഡീസലുമായി ലയിപ്പിക്കുന്നതിന് എണ്ണ വിപണന കമ്പനികള്‍ക്ക് വിതരണം ചെയ്യുന്ന ബയോഡീസലിന്റെ ജിഎസ്ടി നിരക്ക് 12% ല്‍ നിന്ന് 5% ആയി കുറച്ചു. വ്യോമ, കപ്പല്‍ മാര്‍ഗമുള്ള ചരക്കു നീക്കത്തിനും ജിഎസ്ടി ഇളവ് നല്‍കിയിട്ടുണ്ട്.

Top