നിപ്പ വൈറസിനെ നേരിടാന്‍ ജപ്പാനില്‍ നിന്നും മരുന്ന് കൊണ്ടുവരും

nipa

കോഴിക്കോട്: നിപ്പ വൈറസിനെ നേരിടാന്‍ ജപ്പാനില്‍ നിന്നും പുതിയ മരുന്ന് കൊണ്ടുവരാനുള്ള ശ്രമവുമായി ആരോഗ്യ വകുപ്പ്. ഓസ്ട്രേലിയയില്‍ പരീക്ഷിച്ച് കൂടുതല്‍ ഫലപ്രദമെന്ന് കണ്ടെത്തിയ മരുന്ന് വെള്ളിയാഴ്ച രാത്രിയോടെ എത്തിച്ചേരും. കോഴിക്കോട് കോട്ടൂരില്‍ ഒരാള്‍ കൂടി മരിച്ചതോടെ ആരോഗ്യവകുപ്പ് കൂടുതല്‍ ജാഗ്രത പാലിക്കുന്നുണ്ട്.

അതേസമയം ചികിത്സയിലുള്ള രണ്ടു പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഏറ്റവും ഒടുവില്‍ നടത്തിയ ടെസ്റ്റില്‍ രണ്ടു പേരിലും വൈറസ് ബാധ കണ്ടെത്തിയിട്ടില്ല. വൈറസ് പൂര്‍ണമായും നശിച്ചു എന്നുറപ്പുവരുത്തിയ ശേഷമേ ഇവരെ ഡിസ്ചാര്‍ജ്ജ് ചെയ്യൂ.

ഫാവിപിരാവിര്‍ എന്ന മരുന്നാണ് ജപ്പാനില്‍ നിന്നും എത്തിക്കാന്‍ ശ്രമിക്കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന റിബാവിറിനേക്കാളും ഫലപ്രദമാണ് ഇതെന്നാണ് കരുതുന്നത്. ഓസ്ട്രേലിയയില്‍ നിന്നും ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി എം 102.4 എന്ന മരുന്നാണ് കൊണ്ടു വരുന്നത്. 50 ഡോസ് മരുന്നാണ് ഇന്നെത്തുക. ചികിത്സാമാര്‍ഗ രേഖകള്‍ തയ്യാറാക്കി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയ ശേഷമായിരിക്കും ഇവ രോഗികള്‍ക്ക് നല്‍കുക. ഈ മരുന്ന് ക്വീന്‍സ്ലാന്‍ഡ് സര്‍വകലാശാലയില്‍ നിന്നും കൊറിയര്‍ മാര്‍ഗം ഡല്‍ഹിയിലെത്തും. അവിടുന്നാണ് കേരളത്തിലേക്ക് കൊണ്ടു വരിക.

Top