തൃശൂരിൽ മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരൻ പൊലീസിന്റെ വലയിൽ

തൃശൂർ: തൃശൂരിൽ മയക്കുമരുന്ന് കടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി ഹാഷിഷ് ഓയിലിന്റെ മൊത്തക്കച്ചവടക്കാരനെന്ന് പൊലീസ്. തൃശ്ശൂർ കൊടുങ്ങല്ലൂരിൽ ഏഴ് കിലോ മയക്കുമരുന്ന് കടത്തിയ സംഭവത്തിലെ പ്രധാന പ്രതിയാണ് പിടിയിലായത്. കൊപ്രക്കളം കിഴക്ക് ഭാഗം സ്വദേശി ലസിത്ത് റോഷനെയാണ് കൊടുങ്ങല്ലൂർ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് അറസ്റ്റ്.

കഴിഞ്ഞ വർഷം ഏപ്രിലിൽ വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് അന്തർദേശീയ മാർക്കറ്റിൽ 1.5 കോടി രൂപ വില മതിക്കുന്ന ഏഴ് കിലോഗ്രാം ഹാഷിഷ് ഓയിൽ പിടികൂടിയിരുന്നു. ഈ കേസിലെ അന്വേഷണത്തിലാണ് മൊത്തക്കച്ചവടക്കാരനായ ലസിത് റോഷൻ എന്ന ജാക്കിയിലേക്ക് അന്വേഷണം എത്തിയത്. പിടിയിലാകുന്ന സമയത്തും ഇയാളിൽ നിന്ന് ഹാഷിഷ് ഓയിൽ കണ്ടെടുത്തു.

അതേസമയം, കോഴിക്കോട് മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം വിൽപ്പനക്കായി കൊണ്ടുവന്ന 84 ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎയും 18 ഗ്രാം ഹാഷിഷുമായി മൂന്നു പേർ പിടിയിലായിരുന്നു. പയ്യാനക്കൽ സ്വദേശികളായ തിരുത്തിവളപ്പ് അബ്ദുൽനാസർ (36),പണ്ടരത്ത് വളപ്പ് ഷറഫുദ്ധീൻ (37), തിരുത്തിവളപ്പ് ഷബീർ (36) എന്നിവരെ കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), സബ് ഇൻസ്‌പെക്ടർ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്നാണ് പിടികൂടിയത്.

ട്രെയിനിൽ നിന്നിറങ്ങിയ പ്രതികളുടെ സോക്സിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്. ഇവർ കുളു, മണാലി വിനോദ യാത്രകൾ സംഘടിപ്പിക്കുകയും അതിലൂടെ യുവതികൾ ഉൾപ്പടെയുള്ള അനുയോജ്യരായ യാത്രക്കാരെ കണ്ടെത്തി കാരിയർമാരായി ഉപയോഗിച്ച് ലഹരി വസ്തുക്കൾ കേരളത്തിലേക്ക് കടത്തുകയായിരുന്നു പതിവ്.

Top