കൊറിയർ സർവീസ് വഴി ലഹരി കടത്ത്; ഒരാൾ പിടിയിൽ

കൊല്ലം: കൊല്ലം ആശ്രമത്തെ സ്വകാര്യ കൊറിയർ സർവീസ് വഴി എംഡിഎംഎ കടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കൊല്ലം ഈസ്റ്റ് വില്ലേജിൽ ഉളിയക്കോവിൽ കടപ്പാക്കട നഗറിൽ താമസിക്കുന്ന അനന്തു എന്നറിയപ്പെടുന്ന ആകാശിനെയാണ് ഇന്നലെ എക്സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞ മാസം 19ന് ആണ് സ്വകാര്യ കൊറിയർ വഴി 14.7166 ഗ്രാം എം.ഡി.എം.എ കടത്തിയത്. ഈ കേസിലെ ഒന്നും രണ്ടും പ്രതികളായ കരുനാഗപ്പള്ളി പന്മന സ്വദേശി നന്ദു കൃഷ്ണൻ (22), കൊല്ലം ഈസ്റ്റ് വില്ലേജിൽ ഉളിയക്കോവിൽ സ്വദേശി അനന്ത വിഷ്ണു എസ് (31) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

ബംഗ്ലൂരിലെ ഒരു പ്രമുഖ നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥിയായ ആകാശ് പഠനകാലത്തിനിടയിലാണ് മയക്കുമരുന്ന് റാക്കറ്റുമായി പരിചയപ്പെടുന്നത്. കോളേജ് ഹോസ്റ്റൽ കേന്ദ്രീകരിച്ച് ചില മുൻ വിദ്യാർത്ഥികൾ നടത്തുന്ന ഈ റാക്കറ്റിലേക്ക് ലഹരി പാർട്ടികൾ വഴിയാണ് വിദ്യാർത്ഥികളെ കണ്ടെത്തുന്നത്. പിന്നീട് ഇവരെ ഉപയോഗിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്നു. ഇതിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെല്ലാവരും തന്നെ മലയാളികളാണ് എന്നുള്ളത് നടുക്കമുണ്ടാക്കുന്ന വസ്തുതയാണ് എന്ന് എക്സൈസ് പറഞ്ഞു.

ലഹരിക്കടത്തുകാരായി മാറ്റപ്പെടുന്ന വിദ്യാർത്ഥികളുടെയും അതേ കോളേജിൽ പഠിക്കുന്ന ലഹരി ഉപയോഗിക്കുന്ന മറ്റ് വിദ്യാർത്ഥികളുടെയും ബാങ്ക് എടിഎം കാർഡ് ഉൾപ്പെടെ കൈക്കലാക്കി അതുവഴിയാണ് ഈ സംഘം പണമിടപാടുകൾ മുഴുവൻ നടത്തുന്നത്. ആവശ്യക്കാരിൽ നിന്നും ഗൂഗിൾ പേ വഴി പണം ഈ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയും. എടിഎം കാർഡ് ഉപയോഗിച്ച് പിന്നീട് പിൻവലിച്ചെടുക്കുന്നതുമാണ് ഇവരുടെ രീതി. കേസുകളോ മറ്റോ വന്നാൽ തങ്ങളിലേക്ക് യാതൊരു വിധ അന്വേഷണവും എത്താതെയിരിക്കാനുള്ള അടവാണ് ഇതിന്റെ പിന്നിൽ.

Top