പാക്കിസ്ഥാനിൽ നിന്ന് മയക്കുമരുന്ന് കള്ളക്കടത്തിന് മുങ്ങല്‍വിദഗ്ധരെ ഉപയോഗിക്കുന്നു

ഫിറോസ്പുര്‍: പാക്കിസ്ഥാനില്‍ നിന്ന് മയക്കുമരുന്ന് കള്ളക്കടത്തിന് മുങ്ങല്‍വിദഗ്ധരെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്.

അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് മയക്കുമരുന്ന് ഇന്ത്യയില്‍ എത്തിക്കുന്നതിനാണ് പരിശീലനം ലഭിച്ച മുങ്ങല്‍ വിദഗ്ധരെ ഏർപ്പെടുത്തുന്നത്.

ഇന്ത്യ-പഞ്ചാബ് അതിര്‍ത്തി പങ്കിടുന്ന മേഖലയിലെ പുഴകളിലൂടെയാണ് കള്ളക്കടത്ത്.

പഞ്ചാബിലെ ഫിറോസ്പുര്‍, അമൃത്സര്‍, ഗുര്‍ദാസ്പുര്‍ എന്നിവടങ്ങളിലെ നദികളിലൂടെയാണ് മയക്കുമരുന്ന് കടത്ത് നടക്കുന്നത്.

സത്‌ലജ്, രവി നദികളിലൂടെ 35 കിലോമീറ്റര്‍വരെ സഞ്ചരിച്ചാണ് മുങ്ങല്‍ വിദഗ്ധര്‍ കള്ളക്കടത്ത് നടത്തുന്നത്. അതിര്‍ത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) കടുത്ത നിരീക്ഷണത്തെ മറികടന്നാണ് വെള്ളത്തിനടിയിലൂടെയുള്ള കള്ളക്കടത്ത്.

ഒരു മയക്കുമരുന്ന് ചില്ലറ വില്‍പനക്കാരനെ പിടികൂടി നടത്തിയ ചോദ്യം ചെയ്‌തപ്പോളാണ് പുഴകളിലൂടെ മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചത്.

പ്രത്യേകമായി പരിശീലനം ലഭിച്ച മുങ്ങല്‍ വിദഗ്ധര്‍ക്ക് ആധുനിക ഉപകരണങ്ങളുടെ സഹായവുമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു.

വാട്‌സ്ആപ്പ് ഉപയോഗിച്ചാണ് ഇരു രാജ്യങ്ങളിലുമുള്ള സംഘാംഗങ്ങളുമായി ഇവര്‍ ആശയവിനിമയം നടത്തുന്നത്.

പഞ്ചാബില്‍ 518 കിലോമീറ്റര്‍ കരയും 33 കിലോമീറ്റര്‍ നദീപ്രദേശവും അടക്കം 553 കിലോമീറ്ററാണ് പഞ്ചാബില്‍ ഇന്ത്യ-പാക് അതിര്‍ത്തിയുള്ളത്.

ബിഎസ്എഫിന്റെ കീഴിലുള്ള ഈ മേഖലയില്‍ ആളില്ലാ വിമാനങ്ങള്‍, ലേസര്‍ വാള്‍, തെര്‍മല്‍ ഇമേജര്‍ തുടങ്ങിയവയും കൂടിയതോതില്‍ സുരക്ഷാ സേനയേയും നിയോഗിച്ചാണ് മയക്കുമരുന്ന കടത്ത് തടയാന്‍ സുരക്ഷാ സൈന്യം ശ്രമിക്കുന്നത്.

അതിര്‍ത്തിയില്‍ പുഴയുള്ള മേഖലയില്‍ പലപ്പോഴും ഇത് ദുഷ്‌കരമാണ്. ജലോപരിതലത്തില്‍ കുമിളകള്‍ പോലും പ്രത്യക്ഷപ്പെടാത്ത വിധത്തിലാണ് മുങ്ങല്‍ വിദഗ്ധര്‍ മയക്കുമരുന്നുമായി മുങ്ങല്‍ വിദഗ്ധര്‍ അതിര്‍ത്തി മറികടക്കുന്നതെന്ന് ബിഎസ്എഫ് വക്താവ് പറയുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി മയക്കുമരുന്ന് സംഘങ്ങള്‍ ബിഎസ്എഫിന്റെ പിടിയിലായിട്ടുണ്ട്. 2015ല്‍ 344 കിലോ മയക്കുമരുന്ന് പിടികൂടി.

കള്ളക്കടത്ത് നടത്തിയ 85 പേരെയുമാണ് പിടിയിലായി. 2016ല്‍ 222 കിലോ മയക്കുമരുന്നും 117 പേരും പിടിയിലായി. ഈ വര്‍ഷം ഇതുവരെ 163 കിലോ മയക്കുമരുന്നും 60 പേരും പിടിയിലായിട്ടുണ്ട്

Top