അതിമാരക ലഹരിമരുന്നുമായി യുവാക്കള്‍ പിടിയില്‍!!

തൃശ്ശൂര്‍: അതിമാരക ലഹരിമരുന്നുമായി യുവാക്കള്‍ പിടിയില്‍. എക്‌സൈസ് നഗരത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. 500ഓളം ഗുളികകള്‍ ഇവരില്‍നിന്നു പിടിച്ചെടുത്തു. മുകുന്ദപുരം കല്ലൂര്‍ കൊല്ലക്കുന്ന് കുന്നന്‍വീട്ടില്‍ സിയോണ്‍ (26), തൃശൂര്‍ മുളയം ചിറ്റേടത്ത് വീട്ടില്‍ ബോണി (20) എന്നിവരാണ് അറസ്റ്റിലായത്.

ഗുളികകള്‍ തൃശൂരിലെ പ്രമുഖ ആശുപത്രിയില്‍നിന്നും മെഡിക്കല്‍ ഷോപ്പില്‍ നിന്നുമാണ് വാങ്ങിയതെന്നു പ്രതികള്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ കുറിപ്പടികളും ബില്ലുകളും കണ്ടെത്തി. ഇതാദ്യമായാണ് ഇത്രയധികം ഗുളികകള്‍ പിടികൂടുന്നതെന്ന് എക്‌സൈസ് പറഞ്ഞു. 50 മുതല്‍ 200 രൂപ വരെ വിലയ്ക്കാണ് ഒരു ഗുളിക വില്‍ക്കുന്നത്. മരുന്ന് തേടി വിളിക്കുന്നവരില്‍ അധികവും യുവാക്കളും വിദ്യാര്‍ത്ഥികളുമാണ്. ലഹരിമരുന്ന് വാങ്ങിയ സ്ഥാപനങ്ങളെ പറ്റി എക്‌സൈസ് അന്വേഷണം ആരംഭിച്ചു.

തൃശൂര്‍ എക്സൈസ് റേഞ്ച് പാര്‍ട്ടിയാണ് ഇവരെ പിടികൂടിയത്. തൃശൂര്‍ ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ കെ.പ്രദീപ്കുമാറിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ ടി.ആര്‍.ഹരിനന്ദനന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

Top