മയക്കുമരുന്ന് കേസ്: സീരിയല്‍ നടിയെ പരിചയപ്പെടുത്തിയത് കണ്ണൂര്‍ സ്വദേശി

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ ബംഗളൂരുവില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന് മുഖ്യപ്രതി അനിഘയെ പരിചയപ്പെടുത്തിയത് കണ്ണൂര്‍ സ്വദേശി. തന്റെ സുഹൃത്തും കണ്ണൂര്‍ സ്വദേശിയുമായ ജിംറീന്‍ ആഷിയാണ് അനിഘയുടെ ഫോണ്‍ നമ്പര്‍ കൈമാറിയതെന്നും ഇയാള്‍ അനിഘയുടെ ഇടപാടുകാരനായിരുന്നെന്നും മുഹമ്മദ് അനൂപ് നല്‍കിയ മൊഴിയില്‍ പറയുന്നു. ഇയാളുടെ ഫോണ്‍ നമ്പറും ഫോട്ടോയും അനൂപ് അന്വേഷണ സംഘത്തിന് കൈമാറി.

നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോക്ക് നല്‍കിയ മൊഴിയിലാണ് അനൂപ് ഇക്കാര്യം പറയുന്നത്. ഒരു ലക്ഷത്തി മുപ്പത്തി ഏഴായിരത്തി അഞ്ഞൂറ് രൂപയുടെ കച്ചവടം നടത്തിയെന്നും അനൂപ് സമ്മതിച്ചു. കേസില്‍ കൂടുതല്‍ മലയാളികള്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നതിന് തെളിവാണ് പ്രതിയായ അനൂപിന്‍റെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന മൊഴി.

എങ്ങനെയാണ് അനിഘയില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയതെന്നും മുഹമ്മദ് അനൂപ് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോക്ക് മൊഴി നല്‍കിയിട്ടുണ്ട്. എംഡിഎംഎയുടെ 250 പില്‍സാണ് മുഹമ്മദ് അനൂപ് അനിഘയില്‍ നിന്ന് വാങ്ങിയിരിക്കുന്നത്. ഇതിന് ഒരെണ്ണത്തിന് 550 രൂപയാണ് വില. മുമ്പും താന്‍ മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും മുഹമ്മദ് അനൂപ് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയോട് സമ്മതിച്ചിട്ടുണ്ട്.

2015 ല്‍ ബിനീഷ് കോടിയേരിയുടെ കൂടെ തുടങ്ങിയ ഹോട്ടല്‍ ബിസിനസ് തകര്‍ന്നതിന് ശേഷമാണ് മയക്കുമരുന്ന് ബിസിനസ്സിലേക്ക് കടന്നത് എന്നതിന്‍റെ സൂചനകളും ഇയാളുടെ മൊഴിയിലുണ്ട്. അനിഘയുമായി ഇടപാട് നടത്തുന്നതിന് മുമ്പുതന്നെ മയക്കുമരുന്ന് ഇടപാട് രംഗത്തെത്തിയിരുന്നു മുഹമ്മദ് അനൂപ് എന്നതിന്റെ സൂചനകളും മൊഴിയിലുണ്ട്.

Top