ലഹരിമരുന്ന് കേസ്; വീണ്ടും ജാമ്യാപേക്ഷയുമായി റിയയുടെ സഹോദരന്‍

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്നു കേസില്‍ നടി റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രവര്‍ത്തി പ്രത്യേക കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കി. തന്റെ പക്കല്‍ നിന്ന് എന്‍സിബി ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്നു ഷോവിക് ജാമ്യാപേക്ഷയില്‍ പറയുന്നു.

അറസ്റ്റിലായ മറ്റൊരാളുടെ മൊഴി മാത്രമാണ് തനിക്കെതിരെ ഉള്ളത്. എന്‍സിബി ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന മൊഴി കുറ്റസമ്മതമായി കണക്കാക്കാനാവില്ലെന്നു കഴിഞ്ഞ മാസത്തെ സുപ്രീംകോടതി വിധിയില്‍ ഉണ്ടെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരി ഇടപാടുകളെ സംബന്ധിച്ച് അന്വേഷണത്തിനിടെ കഴിഞ്ഞ സെപ്റ്റംബര്‍ 4ന് ആണ് ഷോവികിനെ അറസ്റ്റ് ചെയ്തത്. സുശാന്തിന് ലഹരിമരുന്ന് നല്‍കാന്‍ ഇടപാടുകാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു എന്നാണ് ആരോപണം. ഷോവികിന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതിയും ഹൈക്കോടതിയും നേരത്തേ തള്ളിയിരുന്നു.

Top