മയക്കുമരുന്ന് കേസ്; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

chennithala

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കള്ളക്കടത്ത് കേസിലെ കേരള ബന്ധത്തെ കുറച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ബംഗളൂരില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ അടക്കമുള്ളവരുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന്റെ പശ്ചാത്തലത്തില്‍ നടപടി.

മയക്കുമരുന്ന് സംഘത്തിന് കേരളത്തില്‍ ശക്തമായ വേരുകളും ബന്ധങ്ങളും ഉളളതായും ഉന്നത സ്വാധീനവും ബന്ധങ്ങളും ഉപയോഗപ്പെടുത്തി ഇവര്‍ സംസ്ഥാനത്ത് ആഴത്തില്‍ വേരുറപ്പിച്ചതായും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു.

ലോക്ഡൗണ്‍ കാലത്തെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ ലഹരിമരുന്ന് മാഫിയ സംഘങ്ങള്‍ക്ക് സംസ്ഥാനത്തെ ഒരു റിസോര്‍ട്ടില്‍ പരസ്യമായി ഒത്തുചേരാനും നിശാപാര്‍ട്ടി സംഘടിപ്പിക്കാനും കഴിഞ്ഞത് സംസ്ഥാനത്തെ ഭരണ-രാഷ്ട്രീയ സംവിധാനങ്ങളില്‍ ഇവര്‍ക്കുള്ള സ്വാധീനവും, ആഴത്തിലുള്ള ബന്ധവും വ്യക്തമാക്കുന്നതാണ്. അതിനാല്‍ ഇതിനെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തി മയക്ക് മരുന്ന് മാഫിയയുടെ അടിവേരറുക്കണമെന്നും, കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ചെന്നിത്തല കത്തിലൂടെ ആവശ്യപ്പെട്ടു.

Top