മയക്കുമരുന്ന് കേസ്; ആഫ്രിക്കന്‍ സ്വദേശി അറസ്റ്റില്‍

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ ബംഗളൂരുവില്‍ ആഫ്രിക്കന്‍ സ്വദേശി അറസ്റ്റിലായി. അറസ്റ്റിലായ രവിശങ്കറിനും സിനിമാ മേഖലയിലുള്ളവര്‍ക്കും മയക്കുമരുന്ന് എത്തിച്ച് നല്‍കിയ ലോം പെപ്പെര്‍ സാംബാ എന്നയാളാണ് അറസ്റ്റിലായത്. ഇതോടെ ആകെ അറസ്റ്റ് ചെയ്തവരുടെ എണ്ണം അഞ്ചായി.

കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിനു സാധ്യതയുണ്ട്. രാഗിണി ദ്വിവേദിയെയും അറസ്റ്റിലായ മറ്റ് പ്രതികളെയും ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. രാഗിണിയെ അറസ്റ്റ് ചെയ്തത് കൂടുതല്‍ പ്രമുഖരിലേക്ക് അന്വേഷണം നീളുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

കന്നഡ സിനിമാതാരം സഞ്ജന ഗല്‍റാണിയെ ഇപ്പോള്‍ അന്വേഷണ സംഘം ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇന്നലെ അറസ്റ്റിലായ വ്യവസായി രാഹുല്‍ ഷെട്ടിയുമായി സഞ്ജനയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെയാണ് ഇവരേയും അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്. ഇരുവരും ഒരുമിച്ച് പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

Top