നാലര വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം മുങ്ങി; 30 വര്‍ഷത്തിനു ശേഷം പ്രതി അറസ്റ്റില്‍

കോഴിക്കോട്: നാലര വയസ്സുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 30 വര്‍ഷത്തിനു ശേഷം അറസ്റ്റിലായി. കേസിലെ രണ്ടാം പ്രതിയായ ബീന എന്ന ഹസീനയെയാണ് കളമശ്ശേരിയില്‍ വെച്ച് ടൗണ്‍ പോലീസിന്റെ പിടിയിലായത്. 1991 ല്‍ കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു കൊലപാതകം.

1991 ബീന വളര്‍ത്താന്‍ വാങ്ങിയ നാലര വയസ്സുള്ള പെണ്‍കുട്ടിയെ കോഴിക്കോട് ഓയിറ്റി റോഡിലെ സെലക്ട് ലോഡ്ജില്‍ വെച്ചു പ്രതിയും കാമുകനും ചേര്‍ന്ന് ശാരീരികമായി പീഡിപ്പിച്ചിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടയിലായിരുന്നു കുട്ടി മരിക്കുകയായിരുന്നു.

സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് കുട്ടിയുടെ മരണം കൊലപാതകം ആണെന്ന് മനസ്സിലാവുന്നത്. കേസില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയതിനു ശേഷം പ്രതികള്‍ ഒളിവില്‍ പോവുകയുമായിരുന്നു.

ഒളിവില്‍ പോയ കേസിലെ രണ്ടാം പ്രതിയായ ബീന എന്ന ഹസീന മൂന്നാര്‍ ഭാഗത്ത് താമസമുണ്ടെന്നും, ഒരു ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ടു കളമശ്ശേരിയില്‍ എത്തുമെന്നും ഉള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബീന പിടിയിലായത്.

ടൗണ്‍ അസിസ്റ്റന്റ്‌റ് കമ്മീഷണര്‍ ഏ വി ജോണിന്റെ നിര്‍ദ്ദേശ പ്രകാരം ടൗണ്‍ പോലീസ് ഇന്‌സ്‌പെ്ക്ടര്‍ ശ്രീഹരി, എസ്. ഐ മാരായ ബിജു ആന്റണി, അബ്ദുള്‍ സലിം, സീനിയര്‍ സിപിഒ സജേഷ് കുമാര്‍. സിപിഒ മാരായ രജീഷ് ബാബു, സുജന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

 

Top