സൗദിയിലെ ഡ്രോണ്‍ ആക്രമണത്തിനു പിന്നില്‍ ഇറാനെന്ന് അമേരിക്ക

വാഷിങ്ടണ്‍ ഡി.സി: സൗദിയുടെ എണ്ണപ്പാടങ്ങള്‍ക്കു നേരെ ഡ്രോണ്‍ ആക്രമണം നടത്തിയത് ഇറാനാണെന്ന് ആരോപിച്ച് അമേരിക്ക. ആക്രമണത്തിനു പിന്നില്‍ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണെന്ന അവകാശവാദം അമേരിക്ക തള്ളി.

ഡ്രോണ്‍ വന്നത് യമനില്‍നിന്നാണെന്നതിന് ഒരു തെളിവുമില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. ഹസന്‍ റുഹാനിയും സരിഫും നയതന്ത്രത്തിനായി ശ്രമിക്കുമ്പോള്‍ തന്നെ സൗദിക്കെതിരായ നൂറോളം ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനാണ്. യെമനില്‍നിന്നും ഡ്രോണ്‍ എത്തിയെന്നതിന് തെളിവുകളില്ലെന്നും പോംപിയോ ട്വീറ്റ് ചെയ്തു.

അതേസമയം അമേരിക്കയുടെ ആരോപണങ്ങള്‍ ഇറാന്‍ തള്ളി. അമേരിക്കയുടെ ആരോപണങ്ങള്‍ അന്ധവും മനസിലാക്കാന്‍ കഴിയാത്തതും അര്‍ഥശൂന്യവുമാണെന്ന് ഇറാന്‍ പറഞ്ഞു.

അരാംകോയുടെ സൗദി അറേബ്യയിലെ പ്രധാന എണ്ണ സംസ്‌കരണ ശാലയില്‍ സെപ്റ്റംബര്‍ 11നാണ് സ്‌ഫോടനവും തീപിടിത്തവുമുണ്ടായത്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ദമ്മാമിനടുത്ത് ബുഖ്യാഖിലുള്ള അരാംകോയുടെ എണ്ണ സംസ്‌കരണ ശാലയിലായിരുന്നു സംഭവം.

Top