കൊടും വരൾച്ചയിലേക്ക് കേരളവും ! ആശങ്കപ്പെടണമെന്ന് ശാസ്ത്രജ്ഞർ

കേരളം കൊടും വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ സൂചനകളുമായി അവരും വിരുന്നെത്തി.

മരുപ്പക്ഷികളാണ് ദുരന്ത മുന്നറിയിപ്പുമായി കേരള തീരം തൊട്ടിരിക്കുന്നത്. ഈ സാന്നിധ്യം ആശങ്കപ്പെടുത്തുന്നതാണെന്നാണ് പക്ഷി ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.

വരണ്ട കാലാവസ്ഥ അനുയോജ്യമായ മരുപ്പക്ഷികള്‍, ചരല്‍ക്കുരുവി, നീലക്കവിളന്‍, യൂറോപ്യന്‍ വേലിത്തത്ത, യൂറോപ്യന്‍ പനംകാക്ക എന്നീ പക്ഷികള്‍ കേരളത്തിലും സ്ഥിരം സന്ദര്‍ശകരാവുകയാണ്. ആര്‍ദ്രമേഖലയായി അറിയപ്പെടുന്ന കേരളത്തില്‍ മരുവല്‍ക്കരണത്തിന്റെ സൂചനകളാണിതെന്ന് കേരള കാര്‍ഷിക സര്‍വകലാശാലാ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

അറേബ്യന്‍ രാജ്യങ്ങളില്‍ കാണുന്ന മരുപ്പക്ഷിയെ പാലക്കാട്, കണ്ണൂര്‍, പൂങ്ങോട്, വാളയാര്‍, തൃശൂര്‍ കോള്‍ നിലം എന്നിവിടങ്ങളില്‍ പക്ഷിനിരീക്ഷകരാണ് കണ്ടെത്തിയിരിക്കുന്നത്. ചരല്‍ക്കുരുവി, നീലക്കവിളന്‍, യൂറോപ്യന്‍ വേലിത്തത്ത, യൂറോപ്യന്‍ പനംകാക്ക തുടങ്ങിയ പക്ഷികളേയും വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

മരുപ്പക്ഷിയുടെ സാന്നിധ്യം ഉറപ്പാക്കി കാസര്‍കോടാണ് ഫോട്ടോ സഹിതം രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷിനിരീക്ഷകരായ മനോജ് കരിങ്ങാമഠത്തിലും സനുരാജുമാണ് കുമ്പള അഴിമുഖത്തുനിന്നും മരുപ്പക്ഷിയെ കണ്ടെത്തിയിരിക്കുന്നത്. സഹാറയിലും, സൗദി അറേബ്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കിസ്ഥാന്‍, വടക്കുപടിഞ്ഞാറന്‍ മംഗോളിയ വരെയുള്ള പ്രദേശത്തുമാണ് ഇവ സാധാരണഗതിയില്‍ കാണപ്പെടാറുള്ളത്. അറേബ്യന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വരണ്ട കാലാവസ്ഥയിലാണ് മറ്റുപക്ഷികളെയും കണ്ടുവരുന്നത്. പ്രജനനമില്ലാത്ത സമയങ്ങളിലും ഇവ ദേശാടനം നടത്താറുണ്ട്. ഇന്ത്യയില്‍ രാജസ്ഥാന്‍ തുടങ്ങിയ മരുഭൂമികള്‍ക്കൊപ്പം ഇപ്പോള്‍ കേരളത്തിലും ഈ പക്ഷികള്‍ ലാന്‍ഡ് ചെയ്തിരിക്കുകയാണ്.

കേരളം പോലുള്ള ധാരാളം മഴ ലഭിക്കുന്ന നല്ല ഈര്‍പ്പമുള്ള സ്ഥലങ്ങള്‍ മരുപ്പക്ഷികള്‍ക്ക് ഒരിക്കലും അനുയോജ്യമായിരുന്നില്ല. സംസ്ഥാനത്ത് രാത്രിയിലും പകലും ചൂട് വര്‍ധിച്ചതായി കാര്‍ഷിക സര്‍വലകലാശാലാ കാലാവസ്ഥാ വ്യതിയാന പഠനങ്ങളും അക്കാദമി നടത്തിയ പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. അന്തരീക്ഷ താപനില വളരെയേറെ ഉയര്‍ന്നുനില്‍ക്കുകയാണ്. വേനല്‍മഴയിലും വലിയ കുറവുണ്ട്. ഉഷ്ണക്കാറ്റിന്റെ വര്‍ധന ജലസാന്ദ്രതയെയാണ് കുറയ്ക്കുന്നത്. ഈ ഘടകങ്ങളെല്ലാം വരണ്ട കാലാവസ്ഥയില്‍ ജീവിക്കുന്ന പക്ഷികള്‍ക്ക് അനുയോജ്യമായി മാറിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാന പഠന- ഗവേഷണ അക്കാദമി സ്‌പെഷ്യല്‍ ഓഫീസറും പക്ഷിശാസ്ത്രജ്ഞനുമായ ഡോ. ഒ പി നമീര്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.

ഡെക്കാണ്‍ പീഢഭൂമിയിലും വടക്കേ ഇന്ത്യയിലെ വരണ്ട പ്രദേശങ്ങളിലും മാത്രം കണ്ടിരുന്ന മയിലുകള്‍ കേരളത്തില്‍ വ്യാപകമാവുന്നതും സമാനകാരണം കൊണ്ടാണ്. പുഴസംരക്ഷണം, മരം നട്ടുപിടിപ്പിക്കല്‍, സോളാള്‍ ഉള്‍പ്പെടെ പാരമ്പര്യേതര ഊര്‍ജ ഉല്‍പ്പാദനം എന്നിവ വഴി കാലാവസ്ഥയെ തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് ഡോ. നമീര്‍ പറയുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മാതൃകാപദ്ധതികള്‍ ജനങ്ങള്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കേരളത്തെ കാത്തിരിക്കുന്നത് ഗുരുതരമായ ജലക്ഷാമത്തിന്റെ നാളുകളാണെന്ന് കേന്ദ്ര ജലവിഭവ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടമഴ ലഭിച്ചില്ലെങ്കില്‍ തുലാവര്‍ഷം ദുര്‍ബലമായ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകള്‍ കടുത്ത വരള്‍ച്ച നേരിടാനാണ് സാധ്യത. ഭൂഗര്‍ഭജല വിതാനത്തിലുണ്ടാകുന്ന കുറവാണു പ്രതിസന്ധിക്കു കാരണം. പ്രളയത്തിനുശേഷം വെള്ളം പിടിച്ചുനിര്‍ത്താനുള്ള മണ്ണിന്റെ ശേഷി കുറഞ്ഞത് സ്ഥിതി ഗുരുതരമാക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രളയത്തില്‍ നദികളിലെ തടസങ്ങള്‍ നീങ്ങിയോതോടെ ഒഴുക്ക് കൂടിയതും ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. പ്രളയം കണ്ടുപേടിച്ച് ജലസംഭരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയതും സ്ഥിതി ഗുരുതരമാക്കിയിട്ടുണ്ട്. കുളങ്ങളും കിണറുകളും വൃത്തിയായി സംരക്ഷിക്കാനും പാറമടകളിലെ വെള്ളം ഉപയോഗപ്പെടുത്താനുള്ള നടപടികളുമാണ് അടിയന്തരമായി ഇനി വേണ്ടത്. പ്രതിസന്ധി മുന്നില്‍കണ്ടു വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനാണ് വിദഗ്ധര്‍ നല്‍കിയിരിക്കുന്ന ഉപദേശം.

drought Affected area

drought Affected area

ചരിത്രത്തിലെ ഏറ്റവും വലിയ ജല ദൗര്‍ലഭ്യമാണ് മറ്റു സംസ്ഥാനങ്ങളും നേരിടുന്നത്.

ഇന്ത്യയില്‍ ജീവിക്കുന്ന ആറ് കോടി പേര്‍ കുടിക്കാന്‍ പോലും വെള്ളം ലഭിക്കാതെ കടുത്ത ജലദൗര്‍ലഭ്യം അനുഭവിക്കുന്നവരാണ്. നീതി ആയോഗ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 2050തോടെ ജലത്തിന്റെ ആവശ്യം ലഭ്യതയെ മറികടക്കാനാണ് സാധ്യത. ഇപ്പോള്‍ തന്നെ മഴയിലൂടെ എത്തുന്ന ഉപരിതല ജലത്തിന്റെ നാല്‍പ്പത് ശതമാനത്തോളം ഇന്ത്യന്‍ജനത ഉപയോഗിക്കുന്നുണ്ട്. ലോകശരാശരിയുമായി താരതമ്യപ്പെടുത്തിയാല്‍ ഇത് ഏറെ കൂടുതലുമാണ്.

ജലദൗര്‍ലഭ്യം മുന്നില്‍ കണ്ട് എല്ലാവര്‍ക്കും കുടിവെള്ളം പൈപ്പുകളിലൂടെ എത്തിക്കാന്‍ നഗരങ്ങളില്‍ കഴിഞ്ഞാലും അവരുടെ സമീപപ്രദേശങ്ങളെ അപ്പോള്‍ മറ്റൊരു ദുരന്തമാണ് കാത്തിരിക്കുന്നത്. കൃഷിക്കാവശ്യമായ ജലം ലഭ്യമാകാതെ വരുന്നതോടെ ഭക്ഷ്യസുരക്ഷയ്ക്ക് വലിയ ഭീഷണി ഉയരുമെന്നാണ് കോംപോസിറ്റ് വാട്ടര്‍ മാനേജ്‌മെന്റ് ഇന്റക്‌സ് എന്നു പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആന്ധ്ര, ഛത്തീസ്ഗഢ്, തമിഴ്‌നാട് എന്നിവയാണ് ഭൂഗര്‍ഭജല ക്ഷാമത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍.

തൊട്ടുപുറകില്‍ തന്നെ മഹാരാഷ്ട്രയും, മധ്യപ്രദേശും ബീഹാറുമുണ്ട്. അടിയന്തിരമായി ഭൂഗര്‍ഭജലം വീണ്ടും സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഈ സംസ്ഥാനങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. ഇതേ രീതിയില്‍ ഭൂഗര്‍ഭജലത്തിന്റെ തോത് കുറയുന്നത് തുടര്‍ന്നാല്‍ 2030 ആകുമ്പോഴേക്കും ഇത് ഇന്ത്യയിലെ ജനസംഖ്യയുടെ നാല്‍പ്പതു ശതമാനമായാണ് ഉയരുക. ലോകത്ത് ലഭ്യമായ ശുദ്ധജലത്തിന്റെ നാല് ശതമാനമാണ് ഇന്ത്യയിലുള്ളത്.

മഴ കുറഞ്ഞതിനൊപ്പം കുഴല്‍ക്കിണറുകളും മറ്റും വഴി ഭൂഗര്‍ഭജലം വന്‍ തോതില്‍ ഊറ്റിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു പ്രധാനകാരണം. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഭൂഗര്‍ഭജലത്തില്‍ ഏറ്റവും ഇടിവുണ്ടായിരിക്കുന്നത്. ഇടയ്ക്ക് മികച്ച മഴ ലഭിക്കുമ്പോള്‍ ഭൂഗര്‍ഭ ജലത്തിന്റെ തോത് നേരിയ തോതില്‍ ഉയരുമെങ്കിലും ഉപയോഗം സൃഷ്ടിക്കുന്ന കുറവിനെ മറികടക്കാന്‍ ഈ വര്‍ധനവും പര്യാപ്തമല്ല. കേരളം ഇപ്പോള്‍ അഭിമുഖികരിക്കുന്നതും ഈ വെല്ലുവിളിയെയാണ്.

Staff reporter

Top