ഏകദിന, ട്വന്റി20 ടീമുകളില്‍ നിന്ന് ഒഴിവാക്കി; നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് വനിതാ താരം ശിഖ പാണ്ഡെ

ബംഗ്ലദേശ് പര്യടനത്തിനുള്ള ഏകദിന, ട്വന്റി20 ടീമുകളില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ പൊട്ടിക്കരഞ്ഞ് വനിതാ താരം ശിഖ പാണ്ഡെ. ഓണ്‍ലൈന്‍ അഭിമുഖത്തിലാണ് താരം വികാരധീനയായത്. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കാത്തത് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും, ടീമിലിടം കിട്ടാത്തതില്‍ അതൃപ്തിയുണ്ടെന്നും ശിഖ തുറന്നടിച്ചു. എനിക്ക് ദേഷ്യവും നിരാശയും ഇല്ലെന്ന് പറഞ്ഞാല്‍ ഞാന്‍ ഒരു മനുഷ്യനല്ല. കഠിനാധ്വാനത്തിന്റെ ഫലം കിട്ടാതെ വരുമ്പോള്‍ അതു വളരെ ബുദ്ധിമുട്ടാണ്. എനിക്കറിയില്ല, പക്ഷേ ഇതിന് പിന്നില്‍ എന്തെങ്കിലും കാരണമുണ്ടെന്ന് ഉറപ്പാണ് എന്നും ശിഖ പാണ്ഡെ അഭിമുഖത്തില്‍ പറഞ്ഞു.

വനിതാ പ്രിമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ ശിഖ പാണ്ഡെ, ഒന്‍പതു മത്സരങ്ങളില്‍ പത്തു വിക്കറ്റ് വീഴ്ത്തിയിരുന്നു. അതിനാല്‍ തന്നെ ഇന്ത്യന്‍ ടീമില്‍നിന്നുള്ള പുറത്താകല്‍ അപ്രതീക്ഷിതമായി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷ്, ഫാസ്റ്റ് ബോളര്‍ രേണുക സിങ് എന്നീ സീനിയര്‍ താരങ്ങളെയും ഒഴിവാക്കി. അതേസമയം, മലയാളി താരം മിന്നു മണിയടക്കം 4 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. മൂന്നു വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളും അടങ്ങിയ പര്യടനത്തിലെ 18 അംഗ ട്വന്റി20 ടീമിലാണ് മിന്നു മണി ഇടംപിടിച്ചത്. ഏകദിന, ട്വന്റി20 ടീമുകളെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും. സ്മൃതി മന്ഥനയാണ് വൈസ് ക്യാപ്റ്റന്‍. ജൂലൈ ഒന്‍പതിന് മിര്‍പുരില്‍ ഒന്നാം ട്വന്റി20 മത്സരത്തിലൂടെ ആരംഭിക്കുന്ന ബംഗ്ലദേശ് പര്യടനം 22ന് അവസാനിക്കും.

Top