ഒറ്റപ്പെട്ട് ദ്വീപുകളിലേക്ക് കോവിഡ് ടെസ്റ്റ് കിറ്റുകള്‍ കൊണ്ടുപോകാന്‍ ഡ്രോണുകള്‍

ലോമെമ്പാടും കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ മിക്ക രാജ്യങ്ങളും വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. ആശുപത്രികളിലേക്ക് വേണ്ട മരുന്നുകളും ടെസ്റ്റിങ് കിറ്റുകളുമൊക്കെ ലഭ്യമാക്കാന്‍ രാജ്യങ്ങള്‍ ബുദ്ധിമുട്ടുകയാണ്. അപ്പോഴിതാ സ്‌കോട്ടിഷ് ദ്വീപിലെ ഒരു ആശുപത്രിയിലേക്ക് കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകളും സംരക്ഷണ ഉപകരണങ്ങളും മെഡിക്കല്‍ സാധനങ്ങളും എത്തിക്കുന്നത് ഡ്രോണുകള്‍.

സ്‌കോട്ട്‌ലന്‍ഡിലെ ഓബാനിലെ ലോണ്‍ ആന്‍ഡ് ഐലന്റ്‌സ് ഡിസ്ട്രിക്റ്റ് ജനറല്‍ ആശുപത്രിയില്‍ നിന്ന് കടലിലൂടെ 19 കിലോമീറ്റര്‍ അകലെയുള്ള ഐല്‍ ഓഫ് മുള്‍ ദ്വീപിലെ അയോണ കമ്മ്യൂണിറ്റി ഹോസ്പിറ്റലിലേക്കാണ് ആര്‍ഗിലിലെയും ബ്യൂട്ടിലെയും ആരോഗ്യ പ്രവര്‍ത്തകര്‍ ഡ്രോണ്‍ വഴി അടിയന്തരമായി അവശ്യ സാധനങ്ങള്‍ കൊണ്ടു പോകുന്നത്.

ലണ്ടന്‍ ആസ്ഥാനമായുള്ള ഡ്രോണ്‍ ഡെലിവറി കമ്പനിയായ സ്‌കൈപോര്‍ട്‌സ്, എയ്‌റോസ്‌പേസ് കമ്പനി തലെസുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇത് വഴി ദ്വീപിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന സമയം 15 മിനിറ്റായി കുറയ്ക്കാനാകും. പകര്‍ച്ചവ്യാധികള്‍ക്കിടയിലും രോഗികള്‍ക്ക് വൈദ്യസഹായം എത്തിക്കുന്നതില്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ), എന്‍എച്ച്എസ് സ്‌കോട്ട്‌ലന്‍ഡ്, ഗതാഗത വകുപ്പ് (ഡിഎഫ്ടി) എന്നിവയുടെ ദ്രുതഗതിയിലുള്ള സമാഹരണവും വളരെ മികച്ചതാണ്.

രാജ്യത്തുടനീളം ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ പദ്ധതി എങ്ങനെ മുന്നോട്ട് പോകുമെന്ന് മനസിലാക്കാന്‍ കമ്പനികള്‍ സിഎഎ റെഗുലേറ്ററി സാന്‍ഡ്‌ബോക്‌സ് പ്രോഗ്രാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ആളില്ലാ വിമാന നിര്‍മാതാക്കളായ വിംഗ്‌കോപ്റ്റര്‍ വിതരണം ചെയ്യുന്ന ഡെലിവറി ഡ്രോണുകള്‍ ഉപയോഗിച്ച് സ്‌കൈപോര്‍ട്ടുകള്‍ അവരുടെ ഫ്‌ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കും. നിലവില്‍ 45 മിനിറ്റ് സമയെടുത്ത് റോഡ് വഴിയും ഫെറി ക്രോസിങ് വഴിയുമാണ് വിതരണം ചെയ്യുന്നത്. യുകെയിലുടനീളമുള്ള മറ്റ് ആരോഗ്യ ബോര്‍ഡുകള്‍ക്കായി ഡ്രോണ്‍ ഡെലിവറികള്‍ സജ്ജമാക്കാന്‍ ഇത് സഹായിക്കുമെന്ന് പദ്ധതിക്ക് പിന്നിലുള്ളവര്‍ വിലയിരുത്തുന്നു.

Top