സുരക്ഷാ മേഖലയില്‍ ഡ്രോണുകള്‍; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് ഡ്രോണുകള്‍ ഉപയോഗിച്ച് ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. ഡ്രോണുകള്‍, പാരാ ഗ്ലൈഡറുകള്‍, ഹൈഡ്രജന്‍ ബലൂണുകള്‍ എന്നിവ ഉപയോഗിച്ച് തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അടിയന്തിരമായി സുരക്ഷാ മേഖലകള്‍ രേഖപ്പെടുത്തിയ വിജ്ഞാപനം ഇറക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയ കത്ത് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറി. ഡ്രോണുകള്‍ വഴിയുള്ള ആക്രമണത്തിലൂടെ നിയമസഭകള്‍, കോടതികള്‍., തന്ത്രപധാന കെട്ടികടങ്ങള്‍, പ്രമുഖരുടെ വീടുകള്‍ എന്നിവയാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്നാണ് രഹസ്യവിവരം. ഇത് മുന്നില്‍ കണ്ടുള്ള തയ്യാറാടെപ്പുകള്‍ നടത്തണമെന്നാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

പ്രധാന സ്ഥലങ്ങളെല്ലാം റെഡ് സോണായി പ്രഖ്യാപിക്കുകയും ഡ്രോണുകള്‍ അതിന് മുകളിലൂടെ പറക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഈ മേഖലകളില്‍ ഡ്രോണുകളെ വെടിവച്ചിടാന്‍ പരിശീലനം ലഭിച്ച സേനാംഗങ്ങളെ വിന്യസിക്കണമെന്നും കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

250 ഗ്രാമിനു മുകളിലുള്ള ഡ്രോണുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണം. സുരക്ഷ മേഖലകള്‍ അടയാളപ്പെടുത്തി പൊലീസ് ആക്ട് വഴി വിജ്ഞാപനം ചെയ്യണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഡ്രോണുകള്‍ നിയന്ത്രിക്കുന്നതിനുമുള്ള നോഡല്‍ ഏജന്‍സി വ്യോമസേനയായിരിക്കും. നടപടികള്‍ ഏകോപിപ്പിക്കാന്‍ പൊലീസിലേയും സൈനിക വിഭാഗങ്ങളിലേയും 5 അംഗങ്ങള്‍ അടങ്ങുന്ന സമിതി എല്ലാ സംസ്ഥാനങ്ങളിലും ഉടന്‍ നിലവില്‍ വരും.

അതേസമയം കേരളത്തില്‍ മുമ്പും ഇത്തരത്തിലുള്ള ഡ്രോണുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 250 ഗ്രാമിന് മുകളിലുള്ള ഡ്രോണുകള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കുന്ന യൂണിക് ഐഡറ്റിഫിക്കേഷന്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിരുന്നു. നിരോധിതമേഖലകള്‍, തന്ത്രപ്രധാന മേഖലകള്‍ എന്നിവയുടെ പരിസരങ്ങളില്‍ ഡ്രോണുകള്‍ പറത്താന്‍ പാടില്ലന്നും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിരുന്നു.

പൊതുസ്ഥലങ്ങളിലും ഡ്രോണുകള്‍ പറത്തുന്നതിന് 24 മണിക്കൂര്‍ മുന്‍പ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്നും അനുമതി വാങ്ങണമെന്നും ഡിജിപി പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു.

അതീവ സുരക്ഷാമേഖലകളില്‍ അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് ഡ്രോണുകള്‍ പറത്തുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു സംസ്ഥാന പൊലീസ് മേധാവി.

Top