ഡ്രോണുകൾ ഉപയോഗിച്ചുള്ള തീവ്രവാദം ഗൗരവതരമെന്ന് യുഎൻ ഇന്ത്യ

ഡ്രോണുകൾ തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതിന്‍റെ സാധ്യതയെ ആഗോളതലത്തിൽ ഗൗരവമായി കാണണമെന്ന നിലപാടിൽ യുഎൻ ഇന്ത്യ.ആയുധം നിറച്ച ഡ്രോണുകൾ രാജ്യരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇന്ത്യ. ഞായറാഴ്‌ച ജമ്മു വിമാനത്താവളത്തിലെ ഇന്ത്യൻ വ്യോമസേന താവളത്തിൽ (ഐഎഎഫ്) സ്‌ഫോടകവസ്‌തുക്കൾ നിറച്ച രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് യുഎൻ ഇന്ത്യ വിഷയം ഗൗരവമായി കാണണമെന്ന നിലപാടറിയിച്ചിരിക്കുന്നത്.

തീവ്രവാദ പ്രചാരണത്തിനായി ഇന്‍റർനെറ്റ്, സോഷ്യൽ മീഡിയ പോലുള്ള ആധുനിക സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നത് വർധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ആഭ്യന്തര മന്ത്രാലയം സ്‌പെഷ്യൽ സെക്രട്ടറി വിഎസ്‌കെ കൗമുദി പറഞ്ഞു. ചുരുങ്ങിയ ചെലവും വേഗത്തിലുള്ള ലഭ്യത, ഉപയോഗം എന്നിവയും കണക്കിലെടുത്തുകൊണ്ട് ഡ്രോണുകൾ പോലുള്ള ആധുനിക സംവിധാനങ്ങളെ സ്‌ഫോടനങ്ങൾക്കായും മറ്റ് തീവ്രവാദ പ്രവർത്തനങ്ങൾക്കായും തീവ്രവാദി സംഘങ്ങൾ വ്യാപകമായി ഉപയോഗിച്ചുവരുന്നു.

ഇത്തരം പ്രവണത ആഗോളതലത്തിൽ സുരക്ഷാ ഏജൻസികൾക്ക് വെല്ലുവിളിയായി മാറുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. വിഷയം ഗൗരവമായി കണ്ട് തുടർനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദ വിരുദ്ധ ഏജൻസി നേതാക്കളുടെ രണ്ടാം ഉന്നതതല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐഎഎഫ് ഡ്രോൺ ആക്രമണം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് രത്‌നൂചക്-കലുചക് സൈനിക താവളത്തിന് സമീപം ഡ്രോൺ കണ്ടെത്തിയത്. ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പെട്ട സുരക്ഷ ഉദ്യോഗസ്ഥൻ അതിന് നേരെ വെടിയുതിര്‍ത്തു. സൈനികൻ വെടിയുതിർത്തതിനെത്തുടർന്ന് ഡ്രോൺ പിൻവലിക്കുകയായിരുന്നു. ഞയറാഴ്‌ച വ്യോമസേന താവളത്തിന് നേരെ ഉണ്ടായ സ്‌ഫോടനം ഡ്രോൺ വിന്യസിച്ചുകൊണ്ടുള്ള പാക്ക് തീവ്രവാദികളുടെ ആദ്യ ആക്രമണമാണ്.

Top