കുഞ്ഞിനെ കണ്ടെത്താൻ സഹായകരമായത് ഡ്രോണില്‍ പതിഞ്ഞ ദൃശ്യം; പ്രതിയെ കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്

19  മണിക്കൂറിലധികം നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ് തിരുവനന്തപുരം ചാക്കയിൽ നിന്ന് കാണാതായ രണ്ടു വയസുകാരിയെ കൊച്ചുവേളി റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്നും കണ്ടെത്തിയത്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ രാത്രിയായപ്പോള്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണെന്നാണ് സൂചന. കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരാളാണോ രണ്ടുപേര്‍ ചേര്‍ന്നാണോ കുട്ടിയെ തട്ടികൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്ന് മാത്രമാണ് പൊലീസ് നല്‍കുന്ന വിവരം.പ്രതിക്കായുള്ള അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഇതിനിടെ, ഡീഹൈഡ്രേഷൻ മാത്രമാണുള്ളതെന്നും മറ്റു പരിക്കുകളൊന്നുമില്ലെന്നും വിശദമായ പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു. ജനറല്‍ ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി. മണ്ണന്തല എസ്എച്ച്ഒ ബിജു കുറുപ്പിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. കുട്ടിയെ കൊച്ചിവേളി റെയില്‍വെ സ്റ്റേഷന് സമീപത്തെ ഓടയിൽ ഉപേക്ഷിച്ചാണ് പ്രതി കടന്നത്. കുട്ടിയെ കാണാതായതിന് 300 മീറ്റർ അകലെ യുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കിട്ടിയത്. വട്ടകായൽ എന്ന് നാട്ടുകാർ വിളിക്കുന്ന സ്ഥലത്ത് നിന്നാണ് കുട്ടിയെ കിട്ടിയത്. തലസ്ഥാനത്ത് മുഴുവനായി പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണങ്ങള്‍ക്കൊടുവിലാണ് കുട്ടിയെ കണ്ടെത്താനായത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് ആരാണെന്ന് വൈകാതെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

വൈകിട്ട് ഏഴരയോടെ കൊച്ചുവെളി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്ന് ഡിസിപി നിധിൻ രാജ് പറഞ്ഞു. കുട്ടി എങ്ങനെ അവിടെയെത്തി എന്നതിനെ കുറിച്ച് പിന്നീട് വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാഴ്ച്ചയിൽ കുട്ടിക്ക് പ്രശ്നങ്ങളില്ല. ബാക്കി കാര്യങ്ങൾ മെഡിക്കൽ പരിശോധനയിൽ അറിയുമെന്ന് ഡിസിപി പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളെയും കുട്ടിയ്ക്കൊപ്പം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസ് പരിശോധന ശക്തമായതോടെ കുട്ടിയെ ആരെങ്കിലും ഇവിടെ കൊണ്ടുവന്ന് വെച്ചതാകാമെന്നും നാട്ടുകാര്‍ പറഞ്ഞു.

കുട്ടിയെ കാണാതായതിന് പിന്നാലെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു പൊലീസ്. അന്വേഷണത്തിൽ ബ്രഹ്മോസിന് സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യം നിർണായകമായിരുന്നു. രാത്രി 12ന് ശേഷം രണ്ട് പേർ ബൈക്കിൽ പോകുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു. അവർക്കിടയിൽ കുട്ടി ഉള്ളതായി സംശയമുണ്ടായിരുന്നു. ഹൈദരാബാദ് സ്വദേശികളായ ദമ്പതികളുടെ മകളെയാണ് ഇന്നലെ രാത്രി 12 മണിയോടെ പേട്ട ഓൾസെയിന്റ്സ് കോളേജിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോയത്. റെയിൽവേ ട്രാക്കിന് സമീപമാണ് സഹോദരങ്ങൾക്കൊപ്പം കൊതുകു വലക്കുള്ളിൽ കുഞ്ഞ് ഉറങ്ങാൻ കിടന്നത്.

Top