കുവൈത്തില്‍ ഇനിമുതല്‍ സ്മാര്‍ട്ട് ചിപ്പ് ഘടിപ്പിച്ച ഹൈടെക് ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആണ് വിതരണം ചെയ്യുക. ആദ്യഘട്ടത്തില്‍ ഇലക്ട്രോണിക് കിയോസ്ക്കുകള്‍ വഴി സ്വദേശികള്‍ക്കു മാത്രമാകും ലൈസന്‍സ് ലഭ്യമാക്കുക.
ഐ.എസ്.ഒ മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഡ്രൈവിംഗ് ലൈസന്‍സ് പരിഷകരിക്കുന്നത്. അതുകൊണ്ടു തന്നെ കുറുക്കു വഴികളിലൂടെ ലൈസന്‍സ് നേടാനോ വ്യാജമായി ഉണ്ടാക്കാനോ സാധിക്കില്ല. അടുത്തവര്‍ഷം തുടക്കം മുതല്‍ ലൈസന്‍സ് പരിഷ്കരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രോണിക് കിയോസ്കുകള്‍ വഴി നിലവിലെ രീതിയില്‍ തന്നെയാകും പുതിയ ഹൈടെക്ക് ലൈസന്‍സുകളും വിതരണം ചെയ്യുക.
ആദ്യഘട്ടത്തില്‍ കുവൈത്തികള്‍ക്കിടയില്‍ നടപ്പാക്കുന്ന പരിഷ്കരണം രണ്ടാം ഘട്ടത്തില്‍ വിദേശികളിലേക്കും വ്യാപിപ്പിക്കും. കറന്‍സി പരിഷ്കരണം നടപ്പാക്കിയ മാതൃകയില്‍ പഴയ ലൈസന്‍സ് മാറ്റിയെടുക്കാന്‍ നിശ്ചിതസമയം അനുവദിക്കും.
പതിനാറര ലക്ഷം വിദേശികള്‍ക്കും എട്ടുലക്ഷം സ്വദേശികള്‍ക്കും ആണ് രാജ്യത്തു ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളത്. അതിനാല്‍ പരിഷ്കരണം പൂര്‍ത്തിയാകാന്‍ രണ്ടര ദശലക്ഷം ലൈസന്‍സുകള്‍ ഇഷ്യൂ ചെയ്യേണ്ടതുണ്ട് . ഇതിന്റെ മുന്നോടിയായി നിലവില്‍ ഇഷ്യൂ ചെയ്യപ്പെട്ട എല്ലാ ലൈസന്‍സുകളും മാനദണ്ഡം പാലിക്കാതെയോ അവിഹിത മാര്‍ഗത്തിലൂടെയോ നേടിയതല്ലെന്നു ഉറപ്പുവരുത്തും.