ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് സെല്‍ഫി ടെസ്റ്റുമായ് ആമസോണ്‍

വ്യാപാരം സുതാര്യമാക്കുന്നതിന് വേണ്ടി ആമസോണ്‍ ഡെലിവറി ഡ്രൈവര്‍മാരോട് സെല്‍ഫിയെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ആമസോണ്‍. ഫേഷ്യല്‍ എക്സ്പ്രഷന്‍ വിദ്യകളുപയോഗിച്ച് ഡ്രൈവര്‍മാരെ തിരിച്ചറിയുന്നതിനാണ് ഈ തന്ത്രം.

യാത്ര തുടങ്ങുന്നതിന് മുമ്പ് സെല്‍ഫിയെടുക്കണമെന്ന നിര്‍ദേശം ആമസോണ്‍ ഫ്ലക്സ് ആപ്പിലൂടെ ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും. വാഹനസവാരിക്കിടെ സെല്‍ഫിയെടുക്കരുതെന്നും ആമസോണ്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒരു അക്കൗണ്ട് പലര്‍ക്ക് ഉപയോഗിക്കാമെന്ന സാധ്യത ഇതോടെ ഇല്ലാതാവുന്നു. ആമസോണിന്റെ പേരില്‍ ഉപഭോക്താക്കളിലേക്കെത്താന്‍ ശ്രമിക്കുന്നവരെ ഇതിലൂടെ തടയാന്‍ സാധിക്കുമെന്നാണ് ഏറ്റവും ഗുണപ്രദമായ കാര്യം.

എന്നാല്‍ ഇത് എത്രത്തോളം ഫലവത്താവുമെന്നതില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുകയാണ്. കള്ളന്മാര്‍ക്കും ഈ സെല്‍ഫി ടെസ്റ്റ് അനായാസമായി പാസാവാന്‍ കഴിയും. സെല്‍ഫി ടെസ്റ്റ് തുടങ്ങുന്നതിന് മുന്നോടിയായി എല്ലാ ഡ്രൈവര്‍മാരുടെയും തിരിച്ചറിയല്‍ രേഖകള്‍ ശേഖരിക്കാനുള്ള നീക്കങ്ങളും ആമസോണ്‍ നടത്തിയിരുന്നു. 2016 ല്‍ ഊബറും ഇത്തരത്തിലൊരു സെല്‍ഫി ടെസ്റ്റ് നടത്തിയിരുന്നു. ഊബറിന്റെ സെല്‍ഫി ടെസ്റ്റാണ് ആമസോണിനെ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നയിച്ചത്. മതിയായ വിവരങ്ങള്‍ നല്‍കാതെ കമ്പനിയില്‍ ചേരുന്നവരെ കുടുക്കിലാക്കാനാണ് സെല്‍ഫി ടെസ്റ്റ് ഉപയോഗിച്ചിരുന്നത്.

Top