നടുറോഡില്‍ ഡ്രൈവറുടെ കരണത്തടിച്ച സംഭവം; യുവതിക്കെതിരെ കേസ്

ലക്നൗ : ഉത്തര്‍പ്രദേശില്‍ ടാക്സി ഡ്രൈവറെ നടുറോഡില്‍ മര്‍ദിച്ച സംഭവത്തില്‍ ലക്നൗ സ്വദേശിനിക്കെതിരെ കേസ്. മര്‍ദനത്തിനിരയായ സാദത്ത് അലി സിദ്ദിഖ് എന്ന യുവാവിന്റെ പരാതിയിലാണ് 28കാരിയായ യുവതിക്കെതിരെ എഫ്‌ഐആര്‍ ഇട്ടത്.റോഡ് മുറിച്ചുകടക്കുന്നതിനിടെ തന്റെ മേല്‍ ഇടിക്കാന്‍ വന്നെന്ന് ആരോപിച്ച് ടാക്സി ഡ്രൈവറെ യുവതി തുടര്‍ച്ചയായി കരണത്തടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെ യുവതിക്കെതിരെ കനത്ത പ്രതിഷേധമാണുയര്‍ന്നത്. ‘Arrest Lucknow girl’ എന്ന ഹാഷ്ടാഗോട് കൂടി യുവതിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായി. ഇതിന് പിന്നാലെയാണ് യുവതിക്കെതിരെ കേസെടുത്തത്.

ലഖ്നൗവിലെ അവധ് ക്രോസിങ്ങില്‍ വച്ചായിരുന്നു ട്രാഫിക് പൊലീസ് നോക്കിനില്‍ക്കെ യുവതി തുടര്‍ച്ചയായി യുവാവിന്റെ കരണത്തടിച്ചത്. കൂടാതെ ഇയാളുടെ ഫോണ്‍ യുവതി നശിപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

പ്രശ്നത്തില്‍ ഇടപെട്ട മറ്റൊരാളെയും യുവതി മര്‍ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് ഡിസിപി ചിരഞ്ജീവ് നാഥ് സിന്‍ഹ അറിയിച്ചു.

 

Top