ഡ്രൈവറില്ലാ ബസുകളും നിരത്തിലിറങ്ങുമെന്ന്‌; സെര്‍ച്ച് എന്‍ജിന്‍ ബെയ്ദു മേധാവി

ചൈനയില്‍ അധികം വൈകാതെ ഡ്രൈവറില്ലാ ബസുകളും ഇറങ്ങുമെന്ന് ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍ മേധാവി.

ദ വാള്‍ സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ബെയ്ദുവിന്റെ ചീഫ് എക്‌സിക്യൂട്ടീവ് റോബിന്‍ ലി ഇക്കാര്യം അറിയിച്ചത്.

ഡ്രൈവറില്ലാ കാറുകള്‍ നിര്‍മിക്കാന്‍ ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന കാര്‍ കമ്പനികളുമായും ചൈനയിലെ ഏറ്റവും വലിയ ബസ് നിര്‍മാതാക്കളുമായും ഇതിനായി സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആല്‍ഫബെറ്റ് പോലുള്ള പ്രമുഖ കമ്പനികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡ്രൈവറില്ലാ കാര്‍ നിര്‍മാണത്തില്‍ മികച്ച മുന്നേറ്റമാണ് നടത്തിയിരുന്നത്.

ഇത്തരം വാഹനങ്ങള്‍ റോഡപകടങ്ങള്‍ കുറയ്ക്കുമെന്നാണ് കരുതുന്നത്.ഗൂഗിളിന്റെ ആല്‍ഫബെറ്റിന് കീഴിലുള്ള വെയ്‌മോ ഇന്റലുമായി ചേര്‍ന്നാണ് ഡ്രൈവറില്ലാ കാര്‍ രംഗത്തെ ഗവേഷണങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.

2021ല്‍ സോഫ്റ്റ്‌വെയറായ അപ്പോളോയുടെ സഹായത്തില്‍ അവതരിപ്പിക്കാനായണ് ബെയ്ദുവിന്റെ ലക്ഷ്യം.കാറുകളുടെ സഞ്ചാരം നിയന്ത്രിക്കാനാണ് അപ്പോളോ സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചിരിക്കുന്നതെന്നാണ് ബെയ്ദു നല്‍കുന്ന വിവരം.

കഴിഞ്ഞ ജൂലൈയിലാണ് ഡ്രൈവറില്ലാ വാഹനങ്ങള്‍ക്കുള്ള സോഫ്റ്റ്‌വെയറായ അപ്പോളോ ബെയ്ദു പുറത്തിറക്കിയത്.

കാറുകളിലെ ഭൂപടസേവനങ്ങള്‍, ഗെയിം, സിനിമ, വിനോദങ്ങള്‍, കാറിലെ ഇന്‍ഷുറന്‍സ്, എന്നിവ വരുമാന മാര്‍ഗ്ഗമാണെന്നാണ് റോബിന്‍ ലിയുടെ വാദം.

സൈബര്‍ രംഗത്തെ ഓരോ നീക്കങ്ങളേയും സൂഷ്മതയോടെ നിരീക്ഷിക്കുന്ന രാജ്യമാണ് ചൈന.സെന്‍സര്‍ഷിപ്പില്‍ പ്രതിഷേധിച്ച് ഗൂഗിളില്‍ നിന്ന് ചൈന പിന്‍മാറിയ ശേഷം ബെയ്ദുവാണ് ചൈനീസ് ഇന്റര്‍നെറ്റില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

ചൈനീസ് സെര്‍ച്ചുകളില്‍ 83 ശതമാനവും കൈകാര്യം ചെയ്യുന്ന ബെയ്ദുവിന്റെ സേവനം പ്രധാനമായും ചൈനീസ് ഭാഷയിലാണ്.

Top