രാജ്യത്തെ ഏറ്റവും വലിയ ഡ്രൈഡോക്ക് കൊച്ചിയില്‍; 2021 ല്‍ പ്രവര്‍ത്തന സജ്ജം

Kochi Shipyard

കൊച്ചി: രാജ്യത്തെ തന്നെ ഏറ്റവും വലിയ ഡ്രൈഡോക്ക് നിര്‍മ്മിക്കാനൊരുങ്ങി കൊച്ചി കപ്പല്‍ശാല. കപ്പല്‍ നിര്‍മ്മാണം,അറ്റകുറ്റപ്പണി സംവിധാനമാണ് ഡ്രൈഡോക്ക്. ഡ്രൈഡോക്കിന്റെ ഉദ്ഘാടനം നാളെ നടക്കും. 310മീറ്റര്‍ നീളത്തിലുള്ള ഡ്രൈഡോക്കാണ് കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിക്കുക. 75മീറ്റര്‍ ആണ് വീതി. ആഴം13മീറ്റര്‍. വലുതും ചെറുതുമായ കപ്പലുകള്‍ നിര്‍മ്മിക്കാനുള്ള സൗകര്യം ഇതിലുണ്ടാകും.വിമാന വാഹിനി കപ്പലടക്കം നിര്‍മ്മിക്കാനും അറ്റകുറ്റപ്പണി നടത്താനും ഡ്രൈഡോക്കിന് ശേഷിയുണ്ട്.

1799കോടി രൂപ മുടക്കിയാണ് പുതിയ ഡ്രൈഡോക്ക് നിര്‍മ്മിക്കുന്നത്. കപ്പല്‍ശാലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണിത്. 2021മെയ്മാസത്തില്‍ പുതിയ സംവിധാനം പ്രവര്‍ത്തനസജ്ജമാകും. പുതിയ ഡ്രൈഡോക്ക് വരുന്നതോടെ 2000പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭിക്കും.

നിലവില്‍ കപ്പല്‍ നിര്‍മ്മാണത്തിന് ഒരു ഡ്രൈഡോക്കും അറ്റകുറ്റപ്പണിക്ക് മറ്റൊരു ഡ്രൈഡോക്കുമാണ് കപ്പല്‍ ശാലയിലുള്ളത്. നിര്‍മ്മാണോല്‍ഘാടന ചടങ്ങില്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിധിന്‍ഗഡ്കരി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ പങ്കെടുക്കും. രണ്ട് പുതിയ കപ്പലുകള്‍ നീറ്റിലിറക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്കുള്ള കപ്പലുകളാണിത്.

Top