ദൃശ്യം 2 ന്റെ തിരക്കഥയിലെ ചില സന്ദര്‍ഭങ്ങള്‍ പിന്നീട് മാറ്റിയെഴുതിയത് കോവിഡ് കാരണം

jeethu-joseph

കൊവിഡ് കാലത്ത് പൂര്‍ത്തിയാക്കിയ ദൃശ്യം 2 ന്റെ തിരക്കഥയിലെ ചില സന്ദര്‍ഭങ്ങള്‍ പിന്നീട് മാറ്റിയെഴുതിയെന്ന് സംവിധാകന്‍ ജീത്തു ജോസഫ്. കോളെജ് വിദ്യാര്‍ഥികള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന നൈപുണ്യ വികസന പരിപാടിയുടെ ഭാഗമായി ഒരുക്കിയ അഭിമുഖസംഭാഷണത്തിലാണ് ജീത്തു ഇക്കാര്യം വ്യക്തമാക്കിയത്.

‘ദൃശ്യം 2 തിരക്കഥയില്‍ വലിയ ആള്‍ക്കൂട്ടവും ബഹളവുമൊക്കെയുള്ള ഒരു സന്ദര്‍ഭം ഉണ്ടായിരുന്നു. ഞാന്‍ ഓര്‍ത്തു കൊറോണയുടെ സമയത്ത് ഇത് ചിത്രീകരിക്കാന്‍ പറ്റില്ലല്ലോ എന്ന്. അവിടെവച്ച് ഞാന്‍ എഴുത്ത് നിര്‍ത്തി. പക്ഷേ ഉര്‍വ്വശീശാപം ഉപകാരം എന്ന് പറയുന്നതുപോലെ വേറൊരു ഐഡിയ വന്നു. ഒരാളുമില്ലാതെ ആ സീന്‍ ചെയ്താല്‍ വേറൊരു ഗുണം എനിക്ക് കിട്ടും. അങ്ങനെ ആലോചിച്ചതുകൊണ്ടാണ് വേറൊരു ഐഡിയ എനിക്ക് കിട്ടിയത്. അല്ലെങ്കില്‍ ഞാന്‍ ആ പഴയ ഐഡിയയില്‍ കൂടിത്തന്നെ പോയേനെ.

എഴുത്ത് ആ പുതിയ വഴിയേ പോയതോടെ ഞാന്‍ നേരിട്ട പ്രശ്‌നവും ഒഴിവായി’, ജീത്തു പറയുന്നു. എന്നാല്‍ ഒന്നുരണ്ട് രംഗങ്ങളില്‍ മാത്രമാണ് പ്രശ്‌നം നേരിട്ടതെന്നും അദ്ദേഹം പറയുന്നു. ‘ഒന്നു രണ്ട് സീനില്‍ മാത്രമാണ് കൊവിഡ് 19ന്റെ ഭാഗമായ പ്രശ്‌നം നേരിട്ടത്. അല്ലാതെയൊന്നും ബാധിച്ചിട്ടില്ല. ഞാന്‍ റാം തീര്‍ത്തുകഴിഞ്ഞിട്ട് എഴുതാമെന്ന് ഓര്‍ത്തിരുന്ന തിരക്കഥയായിരുന്നു ദൃശ്യം 2ന്റേത്.

ഒരു ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതി നോക്കിയിട്ട് ഓകെ ആണെങ്കിലേ ചെയ്യൂ അല്ലെങ്കില്‍ ചെയ്യില്ല എന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ കൊവിഡ് ലോക്ക് ഡൗണ്‍ വന്ന് സമയം കിട്ടിയപ്പോള്‍ സന്തോഷത്തില്‍ ഞാന്‍ ഇരുന്ന് എഴുതി. കൊറോണ ഇങ്ങനെയൊക്കെ പോകുമെന്ന പ്രതീക്ഷയിലല്ല എഴുതിയത്. കൊറോണയുടെ സാഹചര്യം ദൃശ്യം 2 തിരക്കഥയുടെ ഒരുപാട് ഭാഗങ്ങളെയൊന്നും ബാധിച്ചിട്ടില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു.

Top