ദൃശ്യത്തിന്റെ ഹോളിവുഡ് റീമേക്കിനായി തന്നെ സമീപിച്ചിരുന്നെന്ന് ജീത്തു ജോസഫ്

മിക്ക ഇന്ത്യൻ ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ട ചിത്രമായിരുന്നു മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രം ‘ദൃശ്യം’. ഇപ്പോഴിതാ ചിത്രത്തിന്റെ ഹോളിവുഡ് റീമേക്കിന്‍റെ സാധ്യതകളെക്കുറിച്ച് ഒരാള്‍ അന്വേഷിച്ചിരുന്നതായാണ് സംവിധായകൻ ജീത്തു ജോസഫ് വെളിപ്പെടുത്തിയിരിക്കുന്നത്.

ആവശ്യപ്പെട്ട പ്രകാരം, ദൃശ്യത്തിന്‍റെ ഇംഗ്ലീഷിലുള്ള തിരക്കഥ അയച്ചുകൊടുത്തെന്നും ജീത്തു പറയുന്നു. സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയാണ് ഹോളിവുഡില്‍ ആലോചിക്കുന്നതെന്നും ഹിലാരി സ്വാങ്കിനെയാണ് ആ വേഷത്തിലേക്ക് അണിയറക്കാര്‍ ഉദ്ദേശിക്കുന്നതെന്നുമാണ് സൂചന. പ്രോജക്ട് യാഥാര്‍ഥ്യമായാല്‍ ഹോളിവുഡില്‍ നിന്നായിരിക്കും സംവിധായകനെന്നും ജീത്തു കൂട്ടിച്ചേര്‍ക്കുന്നു.

“എന്നെ ഒരാള്‍ സമീപിച്ചു. ഞാന്‍ ദൃശ്യത്തിന്‍റെ സ്ക്രിപ്റ്റ് അയച്ചുകൊടുത്തു. എനിക്കറിയില്ല അത് എന്തായെന്ന്. മില്യണ്‍ ഡോളര്‍ ബേബി എന്ന ക്ലിന്‍റ് ഈസ്റ്റ്‍വുഡിന്‍റെ പടത്തില്‍ അഭിനയിച്ച ഒരു നടിയുണ്ട്. അവരെവച്ച് ചെയ്യാനെന്നാണ് പറഞ്ഞത്. അതായത് നായകനു പകരം നായിക പ്രധാന കഥാപാത്രമാവുന്ന ചിത്രത്തിന്‍റെ സാധ്യതയെക്കുറിച്ചാണ് ചോദിച്ചത്. ഹോളിവുഡില്‍ വര്‍ക്ക് ചെയ്യുന്ന ഒരു ഇന്ത്യക്കാരനാണ് സമീപിച്ചത്.

പെണ്‍കുട്ടിയുടെ അമ്മ ക്രൈം ചെയ്യുന്നതായിട്ട്. തിരക്കഥ വേണമെന്ന് പറഞ്ഞതനുസരിച്ച് ദൃശ്യത്തിന്‍റെ ഇംഗ്ലീഷ് വെര്‍ഷന്‍ സ്ക്രിപ്റ്റും സിനിമയും അയച്ചുകൊടുത്തു. ഒന്നൊന്നര മാസമായി അത് അയച്ചിട്ട്. എന്തെങ്കിലും പുരോഗതിയുണ്ടോ എന്ന് അറിയില്ല”, ജീത്തു ജോസഫ് പറയുന്നു. അതേസമയം, ദൃശ്യത്തെ ആസ്പദമാക്കി ചൈനീസ് ഭാഷയില്‍ ഒരു വെബ് സിരീസിനുള്ള ആലോചനകളും പുരോഗമിക്കുന്നുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു.

Top