ദൃശ്യത്തിലെ ക്ലൈമാക്‌സല്ല വാസ്തവം;സത്യം ഇത്

‘ദൃശ്യം 2′ ചിത്രത്തിന്റെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ള ഫൊറന്‍സിക് മെഡിസിനുമായി അനുബന്ധിച്ചുള്ള ചൂടോടെയുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ഫൊറന്‍സിക് സര്‍ജന്‍ ഡോ.പി.എസ് ജിനേഷ് ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമത്തിലിട്ട കുറിപ്പിന് പുറകെ സിനിമയുടെ സംവിധായകന്‍ ജീത്തു ജോസഫ് രംഗങ്ങളെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഇതോടെ സിനിമയിലെ മുഖ്യമായ ആ സുപ്രധാന ട്വിസ്റ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ ഊര്‍ജ്ജിതമായി. ഇങ്ങനെയെല്ലാം നടക്കുമോ എന്ന സംശയത്തിലാണ് പ്രേക്ഷകര്‍.

സിനിമയില്‍ നടന്നതും യാഥാര്‍ഥ്യവും

സിനിമയിലെ നായകനായ ജോര്‍ജുകുട്ടി (മോഹന്‍ലാല്‍) കോട്ടയം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം സുരക്ഷാ ജീവനക്കാരനുമായി സൗഹൃദം സ്ഥാപിച്ച് നടത്തുന്ന ചില നീക്കങ്ങളാണ് ‘ദൃശ്യ’ത്തിലെ സുപ്രധാന ട്വിസ്റ്റ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫൊറന്‍സിക് വിഭാഗത്തില്‍ ഇത്തരത്തില്‍ ഇടപെടല്‍ നടത്താന്‍ ജോര്‍ജുകുട്ടിക്ക് സാധിക്കുമോ എന്നതായിരുന്നു സിനിമയ്ക്കു പിന്നാലെ ഉയര്‍ന്നു വന്ന പ്രധാന ചോദ്യം.

അവിടുത്തെ സാഹചര്യങ്ങള്‍ വിശദീകരിച്ച്, ഇത്തരത്തിലെല്ലാം വേണമെങ്കില്‍ സംഭവിക്കാമെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറയുമ്പോള്‍, ഫൊറന്‍സിക് വിഭാഗത്തിന്റെ ഇത് അംഗീകരിക്കാന്‍ തയ്യാറല്ല. നിയമപരമായും വളരെയധികം ഗൗരവത്തോടെയുമാണ് ഡിഎന്‍എ പരിശോധനയുമായി ബന്ധപ്പെട്ട കേസുകളെ സമീപിക്കുന്നതെന്നും അതുകൊണ്ട് സിനിമയിലെ സംഭവങ്ങള്‍ ഒരിക്കലും യഥാര്‍ഥത്തില്‍ നടപ്പാവില്ലെന്നും ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രന്‍ പറയുന്നു.

സംവിധായകന്‍ ജീത്തു ജോസഫ് പറയുന്നത്…

തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് മെഡിസിനിലെ ഹിതേഷ് ശങ്കറുമായി സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് അസ്ഥികള്‍ പൊലീസ് പരിശോധനയ്ക്കായി ഹാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാണ് ഫൊറന്‍സിക് വിഭാഗത്തിലേക്കു കൊണ്ടു വരാറുള്ളതെന്നാണ്്. ഇത്തരം പെട്ടികള്‍ സീല്‍ ചെയ്യണമെന്നു നിയമമുണ്ട്. പക്ഷേ അത് സീല്‍ ചെയ്യാറില്ലെന്നും എന്തുകൊണ്ടെന്നാല്‍ ഇത്ര നാളായിട്ടും അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫൊറന്‍സിക് വിഭാഗത്തില്‍ എത്തി ഫൊറന്‍സിക് സര്‍ജനുമായി സംസാരിച്ചു.

ഫൊറന്‍സിക് ഓഫിസില്‍ കയറി നോക്കി. അവിടെ ഒരു സിസി ടിവി ക്യാമറ പോലുമില്ല. പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് വിഡിയോയില്‍ പകര്‍ത്തുന്നതിനാണ് സിസിടിവി ക്യാമറ.എന്നാല്‍ ഫൊറന്‍സിക് വിഭാഗത്തില്‍ കാവലിനു സുരക്ഷാ ജീവനക്കാരനുമില്ല. ഈ വിഭാഗങ്ങളുടെ താക്കോലുകള്‍ സുരക്ഷാ വിഭാഗം ചീഫിന്റെ മുറിയിലാണ് സൂക്ഷിക്കുന്നത്. തിരക്കഥയുടെ ഫൈനല്‍ കോപ്പി ഫൊറന്‍സിക് സര്‍ജനെ വായിച്ചു കേള്‍പ്പിച്ചു. ഇതു സംഭവിക്കാം, അതിഭാവുകത്വം ഇല്ല എന്നാണ് ജീത്തു ജോസഫ് അഭിപ്രായപ്പെട്ടത്.

ഫോറന്‍സിക് വിഭാഗം മേധാവി പറയുന്നു…

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിക്കുന്ന മനുഷ്യശരീര ഭാഗങ്ങള്‍ ‘ചെയിന്‍ ഓഫ് കസ്റ്റഡി’ എന്ന വിധത്തിലാണ് കൈകാര്യം ചെയ്യുന്നത്. കേസുമായി അനുബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ അസ്ഥി, തലയോട്ടി തുടങ്ങിയ ഭാഗങ്ങളാണ് എത്തിക്കുന്നതെങ്കില്‍ അത് ഡിപ്പാര്‍ട്ട്‌മെന്റ് ഏറ്റെടുക്കുന്നതു മുതല്‍ ചെയിന്‍ ഓഫ് കസ്റ്റഡി തുടങ്ങും. കവറുകളിലോ ഹാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലോ ആയിരിക്കാം പൊലീസ് ഇവ കൊണ്ടുവരുന്നത്. ഇത് ഫൊറന്‍സിക് വിഭാഗം ഏറ്റുവാങ്ങിയാല്‍ സുരക്ഷിതമായ ബോക്‌സിലേക്കു മാറ്റി സീല്‍ ചെയ്യും.

രാസ, ഡിഎന്‍എ പരിശോധനകള്‍ക്കു ഫൊറന്‍സിക് ലബോറട്ടറിയിലേക്ക് അയ്‌ക്കേണ്ടി വരുമ്പോള്‍ സീല്‍ െചയ്ത് സുരക്ഷിതമാക്കിയാണ് ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശം നല്‍കുന്നത്. ഇതോടെയാണ് ചെയിന്‍ ഓഫ് കസ്റ്റഡി പൂര്‍ത്തിയാകുക. ഫൊറന്‍സിക് വിഭാഗത്തിന്റെ താക്കോല്‍ പ്രിന്‍സിപ്പല്‍ ഓഫിസിലാണ് ദിവസവും സുരക്ഷിതമായി സൂക്ഷിക്കുന്നത്. സിസിടിവി കവറേജ് ഇവിടെ ഇല്ല. പോസ്റ്റുമോര്‍ട്ടം ദൃശ്യങ്ങള്‍ പകര്‍ത്തേണ്ടതുണ്ടെങ്കില്‍ പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അത് നടത്തുന്നത്. അല്ലാത്തപക്ഷം പഠന ആവശ്യത്തിനായി മാത്രമാണ് പോസ്റ്റുമോര്‍ട്ടം ദൃശ്യങ്ങള്‍ പകര്‍ത്താറുള്ളത്.

ഡോ.പി.എസ് ജിനേഷ് പറയുന്നു

6 വര്‍ഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫൊറന്‍സിക് സര്‍ജനായിരുന്ന ഡോ.പി.എസ്.ജിനേഷ് പറയുന്നതിങ്ങനെ: കോട്ടയം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് മെഡിസിന്‍ വിഭാഗം സാധാരണ ഗതിയില്‍ രാവിലെ എട്ടിനു തുറക്കും. പകല്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ (സിവില്‍ പൊലീസ് ഓഫിസര്‍) ലെയ്‌സണ്‍ ഓഫിസറുടെ ചുമതലയിലുണ്ട്. പൊലീസ് വാഹനത്തിന്റെ ഡ്രൈവറായി മറ്റൊരു പൊലീസ് ഓഫിസറുമുണ്ടാകും. സാധാരണയായി വൈകിട്ട് നാലിന് ഡിപാര്‍ട്ട്‌മെന്റ് അടയ്ക്കും. അല്ലെങ്കില്‍ അവസാനത്തെ കേസ് തീരുമ്പോള്‍ അടയ്ക്കും. (ചിലപ്പോള്‍ നാലിനു ശേഷവും കേസുകള്‍ നീളും)

ഡോക്ടര്‍മാര്‍ ഇരിക്കുന്ന ഭാഗവും പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടക്കുന്ന ഭാഗവും പൂട്ടും. രണ്ടുഭാഗത്തേക്കും ഉള്ള മെറ്റല്‍ ഗ്രില്‍ ഗേറ്റ് വലിയ താഴിട്ട് പൂട്ടും. അതിനുശേഷം പുറത്തേക്കുള്ള മെയിന്‍ഗേറ്റും പൂട്ടും. ഈ താക്കോലുകളെല്ലാം പ്രിന്‍സിപ്പല്‍ ഓഫിസില്‍ ഏല്‍പിക്കും. ദിവസവും ഇത് അവിടെയുള്ള റജിസ്റ്ററില്‍ ചേര്‍ക്കുകയും ചെയ്യും. പിറ്റേ ദിവസം രാവിലെ റജിസ്റ്ററില്‍ ഒപ്പിട്ടശേഷം മാത്രമാണ് താക്കോല്‍ തിരികെ ലഭിക്കുക. രാത്രിയില്‍ ഡിപാര്‍ട്ട്‌മെന്റ് തുറക്കുക എന്നത് അസംഭവ്യമാണ്. തുറക്കേണ്ടി വന്നാല്‍ ഫൊറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവിയുടെയും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെയും അറിവോ സമ്മതമോ ഇല്ലാതെ നടക്കില്ല.

 

 

 

 

 

 

Top