ബോളിവുഡിനെ കരകയറ്റി ‘ദൃശ്യം 2’ ഹിന്ദി റീമേക്ക്; ഇന്ത്യൻ കളക്ഷൻ 200 കോടിയിലേക്ക്

രാജയങ്ങളുടെ തുടർ കഥകൾക്ക് ഒടുവിൽ ബോളിവുഡിന് തിരിച്ചുവരവിന് വഴിയൊരുക്കിയ സിനിമയാണ് ‘ദൃശ്യം 2’. അജയ് ദേവ്​ഗൺ നായകനായി എത്തിയ ചിത്രം റിലീസ് ദിനം മുതൽ മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് നേടുന്നത്. മൂന്നാം വാരത്തിൽ എത്തുമ്പോൾ ചിത്രം 200 കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

പുറത്തിറങ്ങി പതിനാറാം ​ദിവസം 176.38 കോടിയാണ് ദൃശ്യം 2 ഇന്ത്യയിൽ നിന്നുമാത്രം നേടിയിരിക്കുന്നത്. വെള്ളിയാഴ്ച 4.45 കോടിയും ശനിയാഴ്ച 8.45 കോടിയും ചിത്രം നേടിയിരുന്നു. ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ ആഴ്ചയ്ക്ക് ഉള്ളിൽ ചിത്രം 200 കോടി ക്ലബ്ബിൽ ഇടം നേടുമെന്നും ഇദ്ദേഹം വിലയിരുച്ചുന്നു. ബോളിവുഡിന്റെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാവും ചിത്രമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

നവംബർ 18നാണ് മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യം 2വിന്റെ ഹിന്ദി റീമേക്ക് റിലീസ് ചെയ്തത്. അജയ് ദേവ്‍ഗണ്‍, ശ്രിയ ശരൺ തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഭുഷൻ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം.

Top