കുടിവെള്ള പ്രതിസന്ധിക്കെതിരെ പ്രതിഷേധം; ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ ‘ആളുകളെ’ ലേലത്തില്‍ വച്ചു

ലക്‌നൗ: കുടിവെള്ള പ്രതിസന്ധി പരിഹരിക്കാത്തതിനെ തുടര്‍ന്ന് ‘ആളുകളെ’ ലേലത്തില്‍വച്ച് പ്രതിഷേധം. ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയിലെ നഗ്ല മായ ഗ്രാമത്തിലാണ് സംഭവം. കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാത്ത സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു ജനങ്ങള്‍ ഓരോരുത്തരും അവരവരെ തന്നെ ലേലത്തിന് വച്ച് പ്രതിഷേധിച്ചത്.

ലേലത്തില്‍ കിട്ടുന്ന പണം ഗ്രാമത്തിലേക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ഉപയോഗിക്കുമെന്ന് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ പറയുന്നത്. 50 ഓളം പുരുഷന്‍മാരാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. ഗ്രാമത്തില്‍ കുടിവെള്ളത്തിന്റെ ലഭ്യത കുറവാണെന്ന് കാണിച്ച് പല അധികൃതരെയും സമീപിച്ചുവെങ്കിലും ആരും തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് ഇവര്‍ പറയുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി നാട്ടിലെ യുവാക്കള്‍ ചേര്‍ന്ന് യൂത്ത് പബ്ലിക് കമ്മിറ്റി എന്ന പേരില്‍ ഒരു സംഘടനയ്ക്ക് രൂപം നല്‍കിയിരിക്കുകയാണ്. ആവശ്യമായ ഫണ്ട് ഇല്ലാത്തതിനാലാണ് കുടിവെള്ള പ്രശ്‌നം പരിഹരിക്കാത്തതെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. അതിനാലാണ് തങ്ങള്‍ റിപ്പബ്ലിക്ക് ദിനത്തില്‍തന്നെ ലേലം വിളിച്ചതെന്നും ലേലത്തില്‍ കിട്ടുന്ന തുക കൊണ്ട് കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. സംഭവം ഹത്രാസ് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെട്ടതോടെ കുടിവെള്ളം ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് കാണിച്ച് അധികൃതര്‍ നോട്ടീസ് അയച്ചു.

Top