റോഡിലെ മദ്യപാനം, വിമാനത്തിലെ പുകവലി; വെട്ടിലായി ഇൻസ്റ്റഗ്രാം താരം

ഡെറാഡൂൺ : വിമാനത്തിലിരുന്ന് പുകവലിയും തിരക്കുള്ള റോഡിന്റെ മധ്യത്തിൽ കസേരയും മേശയുമിട്ടിരുന്ന് മദ്യപാനവുമായി വൈറലായ ഇൻസ്റ്റഗ്രാം താരത്തിന്റെ അതിരുവിട്ട പ്രവര്‍ത്തിയിൽ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഇത്തരം ആപത്തുവിളിച്ചുവരുത്തുന്ന പ്രവര്‍ത്തികൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്പൈസ് ജെറ്റ് വിമാനത്തിനകത്താണ് ബോബി കതാരിയ എന്ന ഇൻഫ്ലുവൻസര്‍ കിടന്നുകൊണ്ട് പുകവലിക്കുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കതാരിയ വെട്ടിലായി. ഇയാൾക്കെതിരെ കേസെടുത്തിരിക്കുകയാണ് ഇപ്പോൾ. വലിയ പ്രതിഷേധമാണ് ഇയാൾക്കെതിരെ ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും ഉയര്‍ന്നത്. സംഭവത്തിൽ സിവിൽ ഏവിയേഷൻ മന്ത്രി ജോതിരാദിത്യ സിന്ധ്യയെ ടാ​ഗ് ചെയ്താണ് പലരും ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്നത്. ഇതോടെയാണ് മന്ത്രിയുടെ പ്രതികരണം.

6.3 ലക്ഷം ഫോളോവേഴ്സാണ് കാതാരിയ്ക്ക് ഇൻസ്റ്റ​ഗ്രാമിലുള്ളത്. വിമാനത്തിലെ വീഡിയോക്ക് പിന്നാലെ ഡെറാഡൂണിലെ തിരക്കുള്ള ന​ഗരത്തിലെ പ്രധാന റോഡിന്റെ നടുക്ക് കസേരയും മേശയുമിട്ടിരുന്ന് മദ്യപിക്കുന്ന വീഡിയോയും പുറത്തുവന്നിരിക്കുകയാണിപ്പോൾ. റോഡ് എന്റെ അച്ഛന്റെ വകയാണ് എന്ന ഹിന്ദി പാട്ടാണ് വീഡിയോയുടെ ബാക്ക്​ഗ്രൗണ്ടിൽ നൽകിയിരിക്കുന്നത്.

മദ്യപാനത്തിന്റെ വീഡിയോ ഇയാൾ ജൂലൈ 28 ന് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തു. അധികം വൈകാതെ വീഡിയോ വൈറലായി. എന്നാൽ ഇൻസ്റ്റ​ഗ്രാമിൽ വലിയ പ്രതിഷേധമാണ് വീഡിയോക്കെതിരെ നടന്നത്. റോഡ് ബ്ലോക്കാക്കി നടത്തിയ വീഡിയോ​ഗ്രഫിക്കെതിരെ ആളുകൾ രം​ഗത്തെത്തി. ട്വിറ്ററിലും പ്രതിഷേധമുയർന്നു. ‘റോഡുകൾ ആസ്വദിക്കാനുള്ള സമയം’ എന്നായിരുന്നു വീഡിയോക്ക് നൽകിയ ക്യാപ്ഷൻ.

 

Top