മുക്കം ടൗണിലെ സ്വകാര്യ ബാറില്‍ നിന്നും മദ്യംവാങ്ങി കഴിച്ചവര്‍ക്ക് ദേഹാസ്വസ്ഥ്യം

കോഴിക്കോട്: മുക്കം ടൗണിലെ പുഴയോരം ബാറില്‍ നിന്ന് മദ്യം വാങ്ങിക്കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. കിട്ടിയത് ഒറിജിനല്‍ മദ്യമല്ലെന്നും മദ്യത്തില്‍ മായം കലര്‍ത്തിയിട്ടുണ്ടെന്നും പരാതിയുമായി ആളുകള്‍ രംഗത്തെത്തി. രണ്ട് ദിവസം മുമ്പാണ് തിരുവമ്പാടി സ്വദേശിയായ ജെഫിന്‍ സെബാസ്റ്റ്യന്‍ ബെവ്ക്യൂ ആപ്പ് വഴി ബുക്ക് ചെയ്ത് മദ്യം വാങ്ങിയത്.

ഇന്നലെ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യം കഴിച്ചു. തുടര്‍ന്നാണ് ജെഫിനും സുഹൃത്തുക്കളായ പ്രബീഷ്, അജിത് എന്നിവര്‍ക്കും വയറിളക്കവും ചര്‍ദ്ദിയും അനുഭവപ്പെട്ടത്. മദ്യകുപ്പികളുടെ അടിഭാഗം തുളച്ച് മദ്യത്തിനൊപ്പം മറ്റൊന്തോ ദ്രാവകം കുപ്പിയില്‍ നിറച്ചിട്ടുണ്ടെന്നാണ് ഇവരുടെ ആരോപണം.

എന്നാല്‍ ആരോപണം ബാര്‍ മാനേജര്‍ നിഷേധിച്ചു. ലോക്ഡൗണ്‍ തുടങ്ങിയപ്പോള്‍ എക്‌സൈസ് സീല്‍ ചെയ്ത ബാര്‍ മദ്യ വില്‍പ്പന തുടങ്ങിയപ്പോള്‍ എകസൈസ് തന്നെ തുറന്നു നല്‍കിയെന്നാണ് മാനേജര്‍ പറയുന്നത്. ആരോപണം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മാനേജര്‍ വ്യക്തമാക്കി.

Top