ടീമിന് ശ്വാസം മുട്ടി ; ഡ്രസിങ് റൂമില്‍ ഓക്‌സിജന്‍ മാസ്‌ക് ഉപയോഗിച്ച് ബ്രസീല്‍

ബൊളീവിയ: ലോകകപ്പ് യോഗ്യത റൗണ്ടിൽ ബൊളിവിയെ നേരിട്ട ബ്രസീല്‍ ടീമിന് കളി ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചെങ്കിലും കടുത്ത പ്രതിസന്ധിയാണ് നേരിടേണ്ടിവന്നത്.

നിരപ്പില്‍ നിന്ന് 12,000 അടിയോളം ഉയരത്തിലുള്ള ബൊളീവിയന്‍ കാലാവസ്ഥ ബ്രസീല്‍ ടീമിന് വിനയാകുകയായിരുന്നു.

ഡ്രസിങ് റൂമില്‍ ബ്രസീല്‍ ടീം ഓക്‌സിജന്‍ സിലിണ്ടര്‍ ഉപയോഗിക്കുന്ന ഫോട്ടോകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ബൊളീവിയയിലെ ലാ പാസിലുള്ള എസ്റ്റാഡിയോ ഹെര്‍ണാണ്ടോ സൈല്‍സ് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.

മൈതാനവും പന്തും എല്ലാം മോശമായിരുന്നുവെന്നുവെന്ന് കളിക്കു ശേഷം ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ വ്യക്തമാക്കി.

1931ല്‍ തുറന്ന സ്റ്റേഡിയമാണ് ബൊളീവിയ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.

എന്നാൽ സമുദ്ര നിരപ്പില്‍ നിന്ന് വളരെ ഉയര്‍ന്ന സ്ഥലങ്ങളിലുള്ള യോഗ്യതാ മത്സരങ്ങള്‍ക്കു 2007ല്‍ ഫിഫ വിലക്കേര്‍പ്പെടുത്തിയിരുന്നു.

ബൊളീവിയയ്ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് ഈ സ്റ്റേഡിയം മത്സരത്തിനായി അനുവദിച്ചിരുന്നത്.

ബൊളീവിയന്‍ ഗോള്‍കീപ്പര്‍ കാര്‍ലോസ് ലാംപെയുടെ മിന്നുന്ന പ്രകടനമാണ് അഞ്ചു തവണ ലോകചാംപ്യന്‍മാരായ ബ്രസീലിനെ ബൊളീവിയ്‌ക്കെതിരേ ജയത്തില്‍ നിന്നും തടഞ്ഞത്.

തെക്കന്‍ അമേരിക്കന്‍ മേഖലയില്‍ നിന്നും ബ്രസീല്‍ ഇതിനോടകം തന്നെ യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ പത്ത് ടീമുകളുള്ള ഗ്രൂപ്പില്‍ ഒന്‍പതാം സ്ഥാനത്താണ് ബൊളീവിയ.

Top