സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് പുതിയ ഡ്രസ്‌കോഡുമായി തമിഴ്‌നാട് സര്‍ക്കാര്‍

ചൈന്ന: ജീവനക്കാര്‍ക്ക് പുതിയ വസ്ത്രധാരണച്ചട്ടം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്.തമിഴ്‌നാട് സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്കാണ് പുതിയ വസ്ത്രധാരണച്ചട്ടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് സാരി, ചുരിദാര്‍, സല്‍വാര്‍ കമ്മീസ് തുടങ്ങിയവ ധരിക്കാം എന്ന് ഉത്തരവില്‍ പറയുന്നു. ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ എന്നും ചുരിദാറിനൊപ്പം ഷാള്‍ നിര്‍ബന്ധമാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

പുരുഷമ്മാര്‍ തമിഴ് സംസ്‌കാരം എടുത്ത് കാണിക്കുന്ന വസ്ത്രങ്ങളോ മറ്റ് ഇന്ത്യന്‍ പരമ്പരാഗത വസ്ത്രങ്ങളോ ആണ് ധരിക്കേണ്ടതെന്ന് ഉത്തരവില്‍ പറയുന്നു. പുരുഷന്‍മാര്‍ക്ക് ഫോര്‍മല്‍ പാന്റ്‌സും ഷര്‍ട്ടിനുമൊപ്പം മുണ്ടും ധരിക്കാവുന്നതാണ്.

മെയ് 28ന് ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥനാണ് സെക്രട്ടേറിയറ്റിലെ പുതിയ വസ്ത്രധാരണ രീതികള്‍ സംബന്ധിച്ച ഉത്തരവിറക്കിയത്. സെക്രട്ടറിയേറ്റ്‌ ജീവനക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ട്ടമുളള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്രമുണ്ട്. എന്നാല്‍ മാന്യമായ വസ്ത്രധാരണം ഉറപ്പാക്കുന്നതിനാണ് പുതിയ വസ്ത്രധാരണച്ചട്ടം പുറത്തിറക്കിയതെന്ന് ഉത്തരവില്‍ പറയുന്നു.

കോടതിയില്‍ ഹാജരാകുന്ന ഉദ്യോഗസ്ഥര്‍ക്കും പുതിയ വസ്ത്രധാരണച്ചട്ടം ബാധകമാണ്. കോടതിയിൽ ഹാജരാകുന്ന പുരുഷ ഉദ്യോഗസ്ഥർ പാന്റ്സിനൊപ്പം ഫുൾ സ്ലീവ് ഷർട്ടും ഒപ്പം കോട്ടുമാണ് ധരിക്കേണ്ടത്‌. തുറന്ന കോട്ടാണെങ്കില്‍ ടൈ ധരിക്കണം. ഇളം നിറത്തിലുള്ളതും മാന്യമായ ഡിസൈനിലുമുള്ള വസ്ത്രങ്ങളായിരിക്കണം ധരിക്കേണ്ടത്. സെക്രട്ടറിയേറ്റിലെ വനിതാ ജിവനക്കാര്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള അതേ വസ്ത്രധാരണച്ചട്ടം തന്നെയാണ് കോടതിയിലെ വനിതാ ജീവനക്കാര്‍ക്കും നിര്‍ദേശിച്ചിരിക്കുന്നത്.

Top