നാലാം ശ്രമത്തിലെ സ്വപ്‌നനേട്ടം; സന്തോഷം പങ്കുവെച്ച് കെ. മീര

തിരുവനന്തപുരം: നാലാമത്തെ ശ്രമഫലമായാണ് ഈ സ്വപ്‌ന നേട്ടമെന്ന് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ആറാം സ്ഥാനം നേടിയ തൃശ്ശൂര്‍ കോലഴി സ്വദേശിനി മീര കെ. ഇത്രയും മികച്ച റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും, ഇത്രയും നല്ലൊരു റാങ്ക് കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും മീര പ്രതികരിച്ചു.

ബാംഗളൂരുവില്‍ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതണമെന്ന് ആഗ്രഹം തോന്നിയത്. തിരുവനന്തപുരത്താണ് പരീക്ഷാ പരിശീലനം നടത്തിയത്. നമുക്ക് ചുറ്റും ഒരുപാട് പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ട്. ഈ സമയത്ത് തന്നെ സര്‍വ്വീസില്‍ കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ട്. കാരണം, ഒരുപാട് ചെയ്യാന്‍ പറ്റും. കേരളാ കേഡര്‍ വേണമെന്നാണ് ആഗ്രഹമെന്നും മീര പ്രതികരിച്ചു.

ഇത്തവണ സിവില്‍ സര്‍വ്വീസ് റാങ്ക് പട്ടികയില്‍ മലയാളിത്തിളക്കം ഏറെയാണ്. തൃശൂര്‍ സ്വദേശിനി കെ മീര ആറാം റാങ്കും കോഴിക്കോട് വടകര സ്വദേശി മിഥുന്‍ പ്രേംരാജ് പന്ത്രണ്ടാം റാങ്കും നേടി. ശുഭം കുമാറിനാണ് ഒന്നാംറാങ്ക്. ജാഗ്രതി അവസ്തി, അങ്കിത ജെയിന്‍ എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ യഥാക്രമം നേടി.

Top