ഡിആര്‍ഡിഒയുടെ ആളില്ലാ നിരീക്ഷണ വിമാനം പരീക്ഷണപ്പറക്കലിനിടെ തകര്‍ന്നുവീണു

ബെംഗളൂരു: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ച ആളില്ലാ നിരീക്ഷണ വിമാനം റസ്റ്റം-2 പരീക്ഷണപ്പറക്കലിനിടെ തകര്‍ന്നുവീണു. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലുള്ള ജോഡി ചിക്കനഹള്ളിയിലാണ് വിമാനം തകര്‍ന്നു വീണ്ത്.ഇന്ന് രാവിലെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല.

ചിത്രദുര്‍ഗയിലെ പരീക്ഷണ കേന്ദ്രത്തില്‍ നിന്ന് പറന്നുയര്‍ന്ന് 17 കിലോമീറ്റര്‍ സഞ്ചരിച്ച വിമാനം ജോദിച്ചിക്കനഹള്ളിയിലെ പാടത്താണ് തകര്‍ന്ന് വീണത്. ഉയര്‍ന്ന ശബ്ദത്തോടെയാണ് ഡ്രോണ്‍ നിലംപതിച്ചത്. അപകട വാര്‍ത്തയറിഞ്ഞ് നിരവധിയാളുകളാണ് സ്ഥലത്ത് എത്തിയത്.

ആളില്ലാ വിമാനം ഡിആര്‍ഡിഒ നേരത്തെ തന്നെ നിര്‍മ്മിച്ചതാണ്. ഇതില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയ ശേഷം നടത്തിയ പരീക്ഷണ പറക്കലിലാണ് അപകടം ഉണ്ടായിരിക്കുന്നതെന്ന് ഡിആര്‍ഡിഒ സ്ഥിരീകരിച്ചു. സംഭവം പരിശോധിച്ച് വരികയാണെന്നും അവര്‍ അറിയിച്ചു.

ആളില്ലാത്ത വിമാനം തകര്‍ന്നുവീണ ‘അത്ഭുതം’ സെല്‍ഫിയില്‍ പകര്‍ത്താനായി പിന്നീട് തിരക്ക്. ഒടുവില്‍ വിവരമറിഞ്ഞെത്തിയ പോലീസാണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്.

Top