ഡി.ആര്‍.ഡി.ഒയുടെ 2ഡിജി മരുന്ന് വിപണിയിലെത്തി; വില 990 രൂപ

ന്യൂഡല്‍ഹി: കൊവിഡ് ചികിത്സക്കായി ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച 2ഡിജി മരുന്ന് വിപണിയിലെത്തി. ഡോ റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് ആണ് ഇന്ത്യയില്‍ വിപണിയില്‍ ഇറക്കുന്നത്. ഓരോ പാക്കറ്റിനും 990 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 2 ഡിഓക്‌സിഡി ഗ്ലൂക്കോസ് എന്നതിന്റെ ചുരുക്കനാമമാണ് 2 ഡിജി.

കേന്ദ്രപ്രതിരോധ ഗവേഷണ വികസന വിഭാഗത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്റ് എലീഡ് സയന്‍സസ് ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡോ. റെഡ്ഡീസ് ലാബുമായി സഹകരിച്ചാണ് മരുന്ന് ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്നത് പൊടിരൂപത്തിലുള്ള മരുന്ന് വെള്ളത്തില്‍ അലിയിച്ചാണ് കഴിക്കേണ്ടത് എന്ന് ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി.

ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) മെയ് ഒന്നിന് 2 ഡി.ജിക്ക് അടിയന്തര ഉപയോഗത്തിന് അംഗീകാരം നല്‍കിയതായി പ്രതിരോധ മന്ത്രാലയം ഈ മാസം ആദ്യം അറിയിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനും ചേര്‍ന്നാണ് മേയ് 17 ന് മരുന്നിന്റെ ആദ്യ ബാച്ച് പുറത്തിറക്കിയത്. ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികള്‍ക്ക് മാത്രമേ ഇത് നല്‍കാനാകൂവെന്നും കമ്പനി വ്യക്തമാക്കുന്നു.

Top