ഇന്ത്യന്‍ ടീം പരിശീലക സ്ഥാനത്തേക്ക് ഔദ്യോഗികമായി അപേക്ഷിച്ച് ദ്രാവിഡ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ ഔദ്യോഗികമായി അപേക്ഷ നല്‍കി ബാറ്റിംഗ് ഇതിഹാസം രാഹുല്‍ ദ്രാവിഡ്. രവി ശാസ്ത്രിയുടെ പിന്‍ഗാമിയായി ദ്രാവിഡിനെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ നേരത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഐപിഎല്ലിനിടെ ദ്രാവിഡുമായി നടത്തിയ ചര്‍ച്ചയില്‍ തത്വത്തില്‍ ധാരണയായിരുന്നു.

എങ്കിലും ലോധ കമ്മിറ്റി ശുപാര്‍ശകള്‍ പ്രകാരം പരിശീലക സ്ഥാനത്തേക്ക് ഔദ്യോഗികമായി അപേക്ഷ ക്ഷണിക്കേണ്ടതുണ്ട് എന്നതിനാല്‍ ബിസിസിഐ മുഖ്യ പരിശീലകന്‍, ബാറ്റിംഗ് കോച്ച്, ബൗളിംഗ് കോച്ച്, ഫീല്‍ഡിംഗ് കോച്ച് എന്നിവയ്ക്ക് പുറമെ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ സ്പോര്‍ട്സ് സയന്‍സ്/മെഡിസിന്‍ തലവന്‍ സ്ഥാനത്തേക്കും അപേക്ഷ ക്ഷണിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ദ്രാവിഡ് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിച്ചത്. ദ്രാവിഡ് പരിശീലകനാകുമെന്ന് ഉറപ്പായതിനാല്‍ മറ്റാരെങ്കിലും പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ദ്രാവിഡിന്റെ വിശ്വസ്തനായ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബൗളിംഗ് പരിശീലകന്‍ പരസ് മാംബ്രേ ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുണ്ട്. ടീം ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഇന്ന് വൈകിട്ട് അഞ്ച് മണി വരെയായിരുന്നു അപേക്ഷ നല്‍കാനുള്ള അവസാന സമയം. മറ്റ് ചുമതലകളിലേക്ക് അപേക്ഷിക്കാന്‍ നവംബര്‍ മൂന്ന് വരെ അവസരമുണ്ട്.

യുഎഇയിലും ഒമാനിലുമായി നടക്കുന്ന ടി20 ലോകകപ്പോടെയാണ് രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള നിലവിലെ പരിശീലക സംഘത്തിന്റെ കാലാവധി അവസാനിക്കുന്നത്. രണ്ട് വര്‍ഷത്തേക്ക് റെക്കോര്‍ഡ് പ്രതിഫലമാണ് ദ്രാവിഡിന് ബിസിസിഐ വാഗ്ദാനം ചെയ്തിരിക്കുന്നത്.

 

Top