ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനായി ദ്രാവിഡിനെ നിയമിച്ചു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു. ഇന്ത്യയുടെ ടി20 ലോകകപ്പിന് ശേഷമുള്ള ന്യൂസിലാന്‍ഡ് പരമ്പര മുതലാകും അദ്ദേഹം ചുമതലയേല്‍ക്കുക. രവിശാസ്ത്രിയുടെ പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്. നേരത്തെ ബിസിസിഐ മുഖ്യപരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ ക്ഷണിച്ചപ്പോള്‍ രാഹുല്‍ദ്രാവിഡ് മാത്രമായിരുന്നു അപേക്ഷിച്ചിരുന്നത്. അതിനാല്‍ തന്നെ ദ്രാവിഡിന്റെ നിയമനം ഉറപ്പായിരുന്നു.

ദുബായില്‍ ഐപിഎല്‍ ഫൈനല്‍ മത്സരം നടക്കുന്നതിനിടെയ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജെയ് ഷാ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ദ്രാവിഡ് പരിശീലകനാവാന്‍ സമ്മതിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനവും ശ്രീലങ്കന്‍ പര്യടനവും ഒരുമിച്ച് നടന്ന സമയത്ത് ദ്രാവിഡ് കോച്ചിന്റെ ജോലി ഏറ്റെടുത്തിരുന്നു. ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള ടീം ലങ്കയില്‍ പര്യടനം നടത്തിയപ്പോള്‍ ദ്രാവിഡായിരുന്നു പരിശീലകന്‍.

നേരത്തെ പരിശീലക ചുമതല ഏറ്റെടുക്കണമെന്ന ബിസിസിഐയുടെ ആവശ്യം ദ്രാവിഡ് നിരസിച്ചിരുന്നു. കുടുംബപരമായ വിഷയങ്ങളും മക്കളുടെ പഠിത്തവും ചൂണ്ടിക്കാട്ടിയാണ് സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനമേല്‍ക്കാന്‍ താല്‍പര്യമില്ലെന്ന് രാഹുല്‍ ബിസിസിഐയെ അറിയിച്ചത്.

Top